സാമൂഹിക കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിലൂന്നി കേന്ദ്ര ബജറ്റ്; ആദായനികുതി പരിധിയില്‍ മാറ്റമില്ല

arun-jaitely
ദില്ലി: സാമ്പത്തിക ദൃഢീകരണ പദ്ധതികളിലൂന്നി മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം. സാമൂഹിക കാര്‍ഷിക അടിസ്ഥാന വികസനത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണനയാണ് മോദി സര്‍ക്കാരിന്റെ മൂന്നാം പൊതു ബജറ്റ് നല്‍കിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിംഗ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതില്‍ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടിയും വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍, എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന, മുദ്ര യോജന,
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരഭകത്വ പരിപാടി, നൈപുണ്യ വികസന പദ്ധതി, പ്രധാനമന്ത്രി ഫസല്‍ ഭാമ യോജന തുടങ്ങി നിരവധി പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ക്കും മികച്ച പരിഗണനയാണ് ബജറ്റില്‍ നല്‍കിയത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു .വിദേശ നാണയ കരുത്തില്‍ ഇന്ത്യ മുന്‍നിരയിലാണുള്ളത്. രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യ നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.

ആദായ നികുതി പരിധി മാറ്റമില്ലാതെ തുടരും. ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ആഢംബര കാറുകള്‍ എന്നിവയ്ക്ക് വില കൂടും. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തി. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് തീരുവ കൂട്ടി. ബ്രെയില്‍ ലിപി കടലാസുകള്‍ക്ക് വില കുറയും. ഓബരി വിപണിയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നതെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

DONT MISS
Top