‘രാജ്യ സ്‌നേഹത്തെക്കുറിച്ച് മൂന്ന് തിരക്കഥകള്‍’

(1)
കവി
പറഞ്ഞു
എനിക്കെഴുതാനാവുമെന്ന്.
കഥാകാരനും
പറഞ്ഞു
ഞാനെഴുതുമെന്ന്.
വിയോജിപ്പിന്റെ
വിമോചനക്കുറിപ്പ്
എഴുതാനൊരുങ്ങും
മുമ്പ്
ഇരുവരും
കല്ലെറിയപ്പെട്ടു.

(2)
പക്ഷികള്‍
കൊക്കുരുമി
പറഞ്ഞു,
നമുക്ക്
പറന്നകലാനാകുമെന്ന്.
ഒഴുക്കിലൊരിടവേളയില്‍
മീനുകള്‍
തമ്മില്‍ പറഞ്ഞു
മുങ്ങിത്താണ്
മറുകര
പിടിക്കാനാകുമെന്ന്.
ചിറകരിയപ്പെട്ട
പക്ഷികളുടെ
പാട്ടില്‍
പ്രതീക്ഷകളുടെ
ശവമടക്കും
ചത്തുമലച്ച
മീനുകളുടെ
കണ്ണില്‍
സൂര്യന്റെ
കണ്ണീരും
കണ്ടതായി
‘ഐസിയു’*
ഫേസ് ബുക്കില്‍
പോസ്റ്റിട്ട്
ചിരിപ്പിച്ചു.

(3)
വെള്ളിത്തിരയില്‍
വെള്ളിടി വെട്ടി
ത്രിശൂലങ്ങളുടെ
ത്രില്ലിംഗ്
മൂവ്‌മെന്റ്.
ഗര്‍ഭപാത്രങ്ങളില്‍
നിന്ന്
ചോരക്കുഞ്ഞുങ്ങളുടെ
പ്രാണരോദനം.
അമ്മമാരുടെ
മുലയരിയുന്ന
ക്ലോസ്
ഷോട്ടില്‍
നിന്ന്
വോട്ടു ചെയ്യുന്നവന്റെ
കൈയില്‍
താമര
വിടരുന്നു.
വെളുക്കെ ചിരിക്കുന്ന
നേതാക്കളും
സ്‌ക്രീനില്‍
തെളിയുന്നു.
പിന്നാലെ
വരുന്ന
ടൈറ്റില്‍ കാര്‍ഡില്‍
അച്ഛാ ദിന്‍ എന്നോ
സ്വച്ഛ ഭാരത് എന്നോ
എഴുതാം.

(4)
കാഴ്ച്ചക്കാരന്റെ
കണ്ണുടയണം
ഉള്‍ക്കാഴ്ച്ചയുള്ളവന്റെ
കണ്ണടയണം.
എങ്കിലെ പടം വിജയിക്കൂ..

*ഐസിയു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്

DONT MISS
Top