രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല; ക്യാംപസില്‍ പൊലീസിനെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യം

jnu-protest

ദില്ലി: രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല. തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ കീഴടങ്ങേണ്ട ആവശ്യമില്ലന്നെും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ എല്ലാ കുറ്റങ്ങളും പിന്‍വലിക്കണമെന്ന് അധ്യാപക വിദ്യാര്‍ത്ഥി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്യാംപസില്‍ പൊലീസിനെ പ്രവേശിപ്പിക്കരുത് എന്നും പൊലീസ് ക്യാംപസില്‍ പ്രവേശിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വൈസ് ചാന്‍സിലറിനാണെന്നും യോഗം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയാല്‍ ചെറുക്കേണ്ടെന്നും തീരുമാനിച്ചു.

കീഴടങ്ങാനെത്തിയ ആറ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ കഴിയുകയാണ് ഇപ്പോള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവര്‍ ജെഎന്‍യു ക്യാംപസിലെത്തിയത്. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ, രനാങ്ക ശ്വേതരാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളാണ് ക്യാംപസില്‍ എത്തിയത്. നിയമപരമായുള്ള അറസ്റ്റ് നടപടികള്‍ക്ക് അനുസരിച്ച് കീഴടങ്ങാനായിരുന്നു വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരുന്നത്. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത രീതി ആവര്‍ത്തിക്കപ്പെടരുതെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

ഇതിനിടെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാനെത്തിയ ദില്ലി പൊലീസിനെ ക്യാംപസിനകത്തേക്ക് വിസി കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാലെ ജെഎന്‍യു ക്യാംപസില്‍ പ്രവേശിക്കൂ എന്ന് ദില്ലി പൊലീസ് അറിയിച്ചു.

അതേസമയം, ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബസി അറിയിച്ചു.

DONT MISS
Top