മുംബൈയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

vv

മുംബൈ: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ മുംബൈയില്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പൊലീസും മുംബൈയിലെ നാല് ആശുപത്രികളിലെ അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിയ്ക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിന്റെ (പോസ്‌കോ) നിയമസാധുതയില്‍ നടത്തിയ സര്‍വ്വേയില്‍ മുംബൈയില്‍ ഓരോ ദിവസവും 12 വയസ്സിനു താഴെയുള്ള രണ്ട് കുട്ടികള്‍ വീതം ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തി.

കുട്ടികളുമായി ബന്ധപ്പെട്ട് 678 കേസുകളാണ് 2014ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2015 ല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള് പ്രകാരം 677 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം ഏകദേശം 80 കേസുകള്‍ വരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയിലെ സിയോണ്‍ ആശുപത്രിയുടെ റിപ്പോര്‍ട്ട് പ്രകാരം ചേരിപ്രദേശങ്ങളിലെ കുട്ടികളാണ് കൂടുതലും പീഡനങ്ങള്‍ക്ക് ഇരയാകുന്നത്.

ധാരാവി,മാന്‍ഘുഡ്,ഗോവന്‍ഡി,ശിവാജി നഗര്‍ എന്നീ ചേരിപ്രദേശങ്ങളിലെ കുട്ടികളാണ് ഇവയില്‍ ഭൂരിഭാഗവും. ഈയിടെ യുനിസെഫിന്റെ ഒരു ആര്‍ട്ടിക്കിളിലുടെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വനിതാ ശിശുക്ഷേമ മന്ത്രാലയം രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ രാജ്യത്തെ 53 ശതമാനം വരുന്ന കുട്ടികളും ലൈംഗിക ചൂഷണണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരാണ്. കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതിനാല്‍ പുറത്തറിയുന്നില്ല.

2007ല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം സമാന വിഷയത്തില്‍ ഒരു പഠനം നടത്തിയിരുന്നു. ഇതുപ്രകാരം രാജ്യത്ത് 53.22 ശതമാനം കുട്ടികളും ലൈംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നവരാണ്. അതില്‍ 52.94 ശതമാനവും ആണ്‍കുട്ടികളാണ്. പെണ്കുട്ടികള് 47.06 ശതമാനവും. ദില്ലി, ബീഹാര്‍, അസ്സാം എന്നിവയാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ മുന്നിലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

മുംബൈയില്‍  കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്ധിച്ചു വരികയാണെന്നും അത് ഏത് വിധേനയും നിയന്ത്രിയ്ക്കുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വിഷയത്തില്‍ പ്രതികരിച്ച മുംബൈ പൊലീസ് വ്യക്തമാക്കി.

DONT MISS
Top