ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ അധികമാണെന്ന് എബിവിപി ദേശീയ നേതാവ്: ഇടതുസംഘടനകള്‍ കനയ്യയെ പുറത്താക്കണമെന്നും ആവശ്യം

ABVP

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ അധികമാണെന്ന് എബിവിപി അഖിലേന്ത്യാ നേതാവ്. ജനാധിപത്യ അവകാശങ്ങളുടെ ദുരുപയോഗത്തിന്റെ ഫലമാണ് നിലവില്‍ രാജ്യത്ത് നടക്കുന്നതെന്നും എബിവിപി ദേശീയ സെക്രട്ടറി സുനില്‍ അംബേകര്‍ പറഞ്ഞു. ജന വികാരത്തിന്റെ പ്രകടനം മാത്രമാണ് പാട്യാല കോടതിയില്‍ കണ്ടതെന്നും സുനില്‍ പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദമായ പ്രസ്താവനകളുമായി എബിവിപി നേതാവ് രംഗത്തെത്തിയത്.
ഇന്ത്യയിലല്ലാതെ മറ്റെവിടെയും ഇതുപോലെ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴങ്ങില്ല. ജനങ്ങള്‍ക്ക് അമിതമായ അവകാശങ്ങളാണുള്ളതെന്നും, ഇതിന്റെ ഉദാഹരണമാണ് ജെഎന്‍യു സംഭവമെന്നും അദ്ദേഹം പറയുന്നുണ്ട്.  ഇപ്പോള്‍ ചിലരുടെ ഇത്തരം അമിതാവകാശങ്ങള്‍ തടഞ്ഞുവെന്നും, അതിനാലാണ് അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച സജീവമാകുന്നതെന്നും പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മതനിരപേക്ഷത, ഫെമിനിസം, മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നീ പേര് പറഞ്ഞുകൊണ്ടാണ് അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണമെന്നും, അതിന് എബിവിപി മുന്‍നിരയിലുണ്ടാകുമെന്നും സുനില്‍ പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞവരുണ്ടെന്നും, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് അടങ്ങാത്ത രോഷമുണ്ടാകുമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.  ഇതിനാലാണ് കോടതിയില്‍ അക്രമമുണ്ടായതെന്നും പറയുന്ന അദ്ദേഹം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും തയ്യാറായില്ല. ജെഎന്‍യുവിനെ അനുകൂലിക്കുന്നവര്‍, തീവ്രവാദത്തെയാണ് അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എബിവിപി ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹമുള്ളവരാണ് ദളിതരുടെയും, അംബേദ്കറുടെയും, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാത്തിന്റെയും മുഖം മൂടി അണിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കനയ്യകുമാര്‍ ജെഎന്‍യുവിലെ ദേശവിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിരുന്നു. അഫ്‌സല്‍ഗുരുവിനെ അനുസ്മരിക്കുന്നയിടത്ത് എന്തിന് പോയിയെന്ന് ഇടതുനേതാക്കള്‍ കനയ്യയോട് ചോദിക്കണമെന്നും സുനില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം നടത്തി, സംഘടനകളില്‍ നിന്ന് കനയ്യയെ പുറത്താക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി സുനില്‍ അംബേകര്‍ ഇടതു സംഘടനകളോട് നിര്‍ദേശിച്ചു

DONT MISS
Top