പട്യാല ഹൗസ് കോടതി അക്രമം: കടുത്ത ആശങ്കയെന്ന് സുപ്രീംകോടതി, അഭിഭാഷകര്‍ സംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശം

kanayya-2
ദില്ലി: പട്യാല ഹൗസ് കോടതിയിലെ അഭിഭാഷകരുടെ ആക്രമണത്തില്‍ വീണ്ടും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. അനാവശ്യ പ്രസ്താവനകള്‍ നടത്തി സ്ഥിതി കൂടുതല്‍ വഷളാക്കരുതെന്ന് കനയ്യയെ എതിര്‍ക്കുന്ന അഭിഭാഷകര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ബിജെപി എംഎല്‍എ ഒ പി ശര്‍മ്മയെ ചോദ്യം ചെയ്തു. തെളിവില്ലെങ്കില്‍ കനയ്യക്കെതിരായ രാജ്യദ്രോഹ കുറ്റം ഒഴിവാക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ദില്ലി പൊലീസിനെ അറിയിച്ചു.

അതേസമയം, ആക്രമണത്തെപ്പറ്റി അഭിഭാഷക കമ്മീഷന്‍ ഇന്ന് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസ് ആക്രമണം തടയുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷ ഒരുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിക്കപ്പെട്ടതായും കമ്മീഷന്‍ വ്യക്തമാക്കും ഇന്നലെ ആക്രമണത്തിനിടെ അഭിഭാഷക കമ്മീഷന്‍ കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു ദില്ലി പൊലീസ് കമ്മീഷണറും സംഭവത്തെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പട്യാല ഹൗസ് കോടതിയിലെ ആക്രമണത്തിലും ജെഎന്‍യുവിലെ പൊലീസ് നടപടിയിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആശങ്ക അറിയിച്ചു. രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ദില്ലി പൊലീസ് കൃത്യവിലോപം നടത്തുകയാണെന്ന് സംഘം ആരോപിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി മന്ത്രിസഭയിലെ അംഗങ്ങള്‍ ഉച്ചക്ക് രണ്ട് മണിക്ക് രാഷ്ട്രപതിയെ കാണും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെയും മറ്റ് ക്യാമ്പസുകളിലേയും വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്ക് ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

DONT MISS
Top