പാലക്കാട് ജില്ലാ ആശുപത്രി നേഴ്‌സിന് മര്‍ദ്ദനമേറ്റ സംഭവം: ആശുപത്രി ജീവനക്കാര്‍ ഇന്നു ഒപി ബഹിഷ്‌കരിക്കും

palakkadപാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ നേഴ്‌സിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുള്‍പ്പടെയുള്ള ജീവനക്കാര്‍ ഇന്ന് ഒപി ബഹിഷ്‌ക്കരിക്കും. മുന്‍ എംപി കൃഷ്ണദാസുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. ക്രൂരമര്‍ദ്ദനത്തിരയായ നേഴ്‌സ് പ്രശാന്ത് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ജോലി ചെയ്യുകയായിരുന്ന നേഴ്‌സ് പ്രശാന്തിനെ മുന്‍എംപി എന്‍എന്‍ കൃഷ്ണദാസുള്‍പ്പടെയുള്ള നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചിട്ടും പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നാരോപിച്ചാണ് ഡോക്ടര്‍മാരുള്‍പ്പെടയുള്ളവര്‍ ഇന്ന് സമരം നടത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണദാസുള്‍പ്പടെയുള്ള നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. സൂചനാ സമരത്തിന്റെ ഭാഗമായി ഇന്ന് ഒപി ബഹിഷ്‌ക്കരിക്കുന്ന ജീവനക്കാര്‍ നടപടി വൈകിയാല്‍ കൂടുതല്‍ ശക്തമായ സമരം നടത്തുമെന്ന് വ്യക്തമാക്കി.

വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ജീവനക്കാരനു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വന്ന സിപിഐഎം പ്രവര്‍ത്തകരും, എസ്എഫ് ഐ പ്രവര്‍ത്തകരും അത്യാഹിത വിഭാഗത്തിലേക്ക് തളളിക്കയറിയതാണ് പ്രശ്‌നത്തിന് കാരണമായത്. ഇവരോട് പുറത്തേ്ക്ക് മാറാന്‍ പറഞ്ഞ നഴ്‌സ് പ്രശാന്തിനെ എന്‍എന്‍ കൃഷ്ണദാസുള്‍പ്പടെയുള്ളവര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് അഞ്ചു ദിവസമായി ഐസിയുവിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top