ജെഎന്‍യു സമരത്തിന് പിന്തുണയുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്ത്: പോലീസ് നടപടിക്കെതിരെ രാഹുലും കേജ്രിവാളും ഒമര്‍ അബ്ദുള്ളയും

jnu

ജെഎന്‍യുവിലെ പോലീസ് നടപടികള്‍ക്കെതിരെ കൂടുതല്‍ പ്രമുഖര്‍ രംഗത്തെത്തി. സീതാറാംയെച്ചൂരിക്കും ഇടതുനേതാക്കള്‍ക്കും പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രംഗത്തെത്തിയത്.

ജെഎന്‍യുവിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരാണ് യതാര്‍ത്ഥ ദേശദ്രോഹികളെന്ന് ജെഎന്‍യുവിലെത്തി രാഹുല്‍ പ്രതികരിച്ചിരുന്നു.

മുന്‍പ് തന്നെ പ്രശ്‌നത്തില്‍ സ്വതന്ത്രമായ അന്വേഷണത്തിന് കേജ്രിവാള്‍ ഉത്തരവിട്ടിരുന്നു. ജെഎന്‍യുവിന്റെ പേരില്‍ അത്യധികം അപകടകരമായ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു. ഹാഫിസ് സായിദിന്റെ പേരില്‍ ഫെയ്ക്കായ ട്വീറ്റാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കാട്ടിയതെന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റും കേജ്രിവാള്‍ പങ്കുവെച്ചിട്ടുണ്ട്.

ജെഎന്‍യുവിലെ സമരത്തെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെങ്കില്‍ ഉടന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ ഹാജരാക്കണമെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഹാഫിസ് സയിദിന്റെ ട്വീറ്റിന്റെ പേരുപയോഗിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം ഈ എന്‍ഡിഎ സര്‍ക്കാരിനുപോലും വിലകുറഞ്ഞതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

തീവ്രവാദബന്ധമുണ്ടെന്ന ആരോപണം അതീവ ഗുരുതരമാണന്നും കൃത്യമായ തെളിവുകള്‍ മന്ത്രിയുടെ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top