കോള്‍ഡ്‌പ്ലേയുടെ പുതിയ വീഡിയോ: സാമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റുമുട്ടുന്നു

beyonce
പ്രമുഖ ഇംഗ്ലീഷ് ബാന്റായ കോള്‍ഡ്‌പ്ലേയുടെ “സ്വപ്‌ന നിര്‍ഭര മനസ് (A Head Full of Dreams)” എന്ന പുതിയ ആല്‍ബത്തിലെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ വീഡിയോ ഗാനമാണ് രാജ്യത്ത് പുതിയ വിവാദ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള “വാരാന്ത്യ സങ്കീര്‍ത്തനം(Hymn For the Weekend)” എന്ന ഗാനം ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമായി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനത്തില്‍ പ്രമുഖ അമേരിക്കന്‍ ഗായികയും അഭിനേതാവുമായ ബിയോണ്‍സ് ഇന്ത്യന്‍ വേഷമണിഞ്ഞ് അഭിനയിക്കുന്നുണ്ട്.ബെന്‍മോര്‍ സംവിധാനം ചെയ്ത വീഡിയോയില്‍ കോള്‍ഡ്‌പ്ലേയുടെ പ്രമുഖഗായകന് ക്രിസ് മാര്‍ട്ടിനും അഭിനയിച്ചിട്ടുണ്ട്.

beyons1

ഇന്ത്യന്‍ പാരമ്പര്യ വേഷങ്ങള്‍ ധരിച്ചുള്ള ബിയോണ്‍സിന്റെ സാന്നിധ്യമാണ് നവമാധ്യമങ്ങളില്‍ വലിയ തോതില്‍ ഇന്ത്യക്കാരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരം വികലമായി അവതരിപ്പിച്ചുവെന്നും, വ്യത്യസ്ത വേഷം മാത്രമല്ല ഇന്ത്യന്‍ സംസ്‌കാരമെന്നും നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്.

ഇന്ത്യയുടെ സംസ്‌കാരത്തെ വികലമായി ചിത്രീകരിച്ചുവെന്നും, മറ്റൊരു സംസ്‌കാരത്തിലെ ആളുകള്‍ എന്തിന് ഇന്ത്യന്‍ വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്നുവെന്നും ചോദിച്ചവരും കുറവല്ല.ബിയോണ്‍സിന് പകരം സോനം കപൂറിനെ അഭിനയിപ്പിക്കാമായിരുന്നുവെന്ന് പോലും ചിലര്‍ പറഞ്ഞു.

അതേ സമയം ബിയോണ്‍സ് കറുത്തയാളായതുകൊണ്ടാണ് ചിലര്‍ എതിര്‍ക്കുന്നതെന്ന മറുവാദവുമായും പലരും രംഗത്തെത്തിയിട്ടുണ്ട്. വിദേശ വസ്ത്രങ്ങളിടാന്‍ മത്സരിക്കുന്ന ഇന്ത്യക്കാര്‍, ഒരു വിദേശവനിത ഇന്ത്യന്‍ വസ്ത്രമിടുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നതെന്നും ചോദ്യങ്ങളുണ്ട്. ഇന്ത്യയുടെ സൗന്ദര്യത്തെ കാവ്യാത്മകമായി വിവരിക്കുന്നതാണ് വീഡിയോയെന്നും ഇവര്‍ പറയുന്നു.

ഇന്ത്യയിലെ ഈ വിവാദം അദ്ഭുതത്തോടെയാണ് വിദേശമാധ്യമങ്ങള്‍ നോക്കിക്കാണുന്നത്. വീഡിയോ കണ്ട് നമുക്ക് തന്നെ ഇനി തീരുമാനിക്കാം..

DONT MISS
Top