സഹയാത്രികന് സ്‌നേഹപൂര്‍വ്വം

NIKESHമാധ്യമപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചുകയറ്റിയ ഗുരു

കേരളത്തിലെ ഏറ്റവുമധികം എതിര്‍ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന നേതാവിന്റെ മകനായാണ് ഞാന്‍ മാധ്യമപഠനത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്ന് വരുന്നത് കൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തനത്തിലെ ഭാവിയെക്കുറിച്ച് അക്കാലത്ത് വലിയ ആശങ്കകളായിരുന്നു. അവിടെ അധ്യാപകനായിരുന്ന ടിഎന്‍ ഗോപകുമാറാണ് എനിക്ക് ധൈര്യം പകര്‍ന്നത്. പുറത്തിറങ്ങുമ്പോളുള്ള ഭാവിയെക്കുറിച്ച് പഠനകാലത്ത് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. എഷ്യാനെറ്റ് അല്ലാതെ മറ്റ് സാധ്യതകള്‍ കേരളത്തില്‍ ഇല്ലാത്ത കാലമായിരുന്നു അത്. കടുത്ത രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്ന് വരുന്നതുകൊണ്ടുതന്നെ ആ സാധ്യത എനിക്ക് അപ്രാപ്യമാണെന്ന് തന്നെയായിരുന്നു എന്റെ വിലയിരുത്തലും. പക്ഷേ, ക്യാമ്പസ് ഇന്റര്‍വ്യൂ വഴി എന്നെ ഏഷ്യാനെറ്റില്‍ എടുത്തു. അതിന് പിന്നില്‍ ടിഎന്‍ജിയുടെ വലിയ ഇടപെടലുണ്ടായിരുന്നു. ഒരു കടുത്ത രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് നിഷപക്ഷമായി വിഷയങ്ങളെ കൈകാര്യം ചെയ്യാനാകുമോയെന്ന് സംശയിച്ചിരുന്ന എഷ്യാനെറ്റ് മാനേജ്‌മെന്റിനെ, അതിനെനിക്ക് കഴിയുമെന്ന് ബോധ്യപ്പെടുത്താന്‍ ഇടപെട്ടത് ടി എന്‍ ജി ആയിരുന്നു. ഞാനെന്ന മാധ്യമപ്രവര്‍ത്തകന്‍,ഒരുപക്ഷേ ആ ഇടപെടലിലൂടെയാകും ജനിച്ചത്.

NIKESH3

എന്നും വഴികാട്ടിയും മാര്‍ഗനിര്‍ദേശിയും

എന്റെ മാധ്യമജീവിതത്തിന് ചുക്കാന്‍ പിടിച്ചയാളെന്ന സ്ഥാനമാണ് എന്നും അദ്ദേഹത്തിന്. പിന്നീട് മാധ്യമജീവിതത്തില്‍ കാര്യങ്ങളെ അനായാസമായും സുഗമമായും കൈകാര്യം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കുന്നതിലും ടിഎന്‍ജി എന്ന അധ്യാപകന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും മാധ്യമ പ്രവര്‍ത്തനത്തില്‍ എന്നെ എന്നും ഉറപ്പിച്ച് നിര്‍ത്തിയതില്‍ ടിഎന്‍ജി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇക്കാലങ്ങളിലെല്ലാം എന്റെ വഴികാട്ടിയും മാര്‍ഗ നിര്‍ദേശിയുമായിരുന്നു ടിഎന്‍ജി. ജീവിതത്തിലും ജോലിയിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോളെല്ലാം ആദ്യം ഞാന്‍ അഭിപ്രായം ചോദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് ടിഎന്‍ജിയോടായിരുന്നു. ഏഷ്യാനെറ്റില്‍ ആദ്യം സിംഗപ്പൂരിലെ പ്രൊഡക്ഷന്‍ സെന്ററിലും പിന്നീട് ചെന്നൈയിലും ദില്ലിയിലുമായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് ഇന്ത്യാവിഷന്‍ എന്ന മുഴുനീള വാര്‍ത്താ ചാനലിലേക്ക് പോകുമ്പോഴും ആദ്യം ആലോചിച്ചത് ടിഎന്‍ജിയോട് തന്നെ. ടിഎന്‍ജി മേധാവിയായ ഏഷ്യാനെറ്റില്‍ നിന്ന് പോകരുതെന്ന് അദ്ദേഹം പറഞ്ഞതേയില്ല. റിപ്പോര്‍ട്ടര്‍ ചാനലിനെക്കുറിച്ചും ഞാന്‍ ആദ്യം ആലോചിച്ചത് എഷ്യാനെറ്റ് ന്യൂസിന്റെ ആ മേധാവിയോട് തന്നെയായിരുന്നു. കൂടെ നിന്ന് ആത്മവിശ്വാസം പകരുന്ന ആ വ്യക്തി, റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങാനും മനസുകൊണ്ട് എനിക്കൊപ്പം നിന്നു. വ്യക്തിപരമായും തൊഴില്‍ പരമായും അത്രയ്ക്ക് അടുപ്പം, ഒരു ഹൃദയബന്ധം അദ്ദേഹവുമായി കാത്തു സൂക്ഷിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഞാനെന്ന മാധ്യമപ്രവര്‍ത്തകനും വ്യക്തിക്കും എന്നുമത്് മുതല്‍ക്കൂട്ടുമായിട്ടുണ്ട്.

NIKESH11

മലയാള ദൃശ്യഭാഷയൊരുക്കിയ പത്രക്കാരന്‍

കേരളത്തിലെ ടെലിവിഷന്‍ മാധ്യമരംഗത്തെ ആദ്യകാലത്ത് നിര്‍ണ്ണയിച്ചിരുന്നത് പത്രമാധ്യമത്തില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നു. മാതൃഭുമിയില്‍ നിന്നാണ് ടിഎന്‍ജി ഏഷ്യാനെറ്റില്‍ എത്തിച്ചേരുന്നത്. അപ്പോഴും കൃത്യമായ ടെലിവിഷന്‍ ധാരണകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ ദൃശ്യധാരണകള്‍ ഉണ്ടായിരുന്ന അദ്ദേഹം തന്നെയാണ് മലയാള ടെലിവിഷന് അടിത്തറ പാകിയതും ഘടന ഒരുക്കിയതും. മലയാള ദൃശ്യമാധ്യമങ്ങളില്‍ പത്രമാധ്യമ സ്വാധീനം ഇല്ലാതാക്കിയത്തില്‍ ടിഎന്‍ജിയെന്ന പത്രക്കാരനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. അന്ന് ടിഎന്‍ജി ഒരുക്കിയ ആ ധാരണകളില്‍ നിന്നാണ് ഇന്നത്തെ മലയാള ദൃശ്യമാധ്യമ വാര്‍ത്താ സംസ്‌കാരം രൂപപ്പെട്ടത്. ഇന്ത്യവിഷനിലൂടെ മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആരംഭിക്കുമ്പോഴും, അതും ടിഎന്‍ജി എഷ്യാനെറ്റിന്റെ തുടക്കത്തില്‍ ഒരുക്കിയ ദൃശ്യ ഭാഷയില്‍ അധിഷ്ഠിതമായിരുന്നു. ചുരുക്കത്തില്‍ മലയാള ദൃശ്യ മാധ്യമ സംസ്‌കാരം രൂപപ്പെടുത്തിയത് ടിഎന്‍ജി ആയിരുന്നു.

NIKESH8

ആഴ്ചയിലെ രാത്രി ഭൂമികുലുക്കങ്ങള്‍

നെടുനീളന്‍ വാചകങ്ങളിലെ കടുകട്ടി വാക്കുകള്‍ നിറഞ്ഞ പത്ര വാര്‍ത്തകളല്ല, ടിവി ചാനല്‍ സ്‌ക്രിപ്റ്റുകള്‍ എന്ന് മലയാളി പഠിച്ചത് ടി എന്‍ ജി യിലൂടെ ആയിരുന്നു. സംഭവങ്ങളെ വേറിട്ട് കാണിച്ചതാണ് എന്നും ടിഎന്‍ജിയുടെ പ്രത്യേകത. ഏഷ്യാനെറ്റിലെ ജീവനക്കാര്‍ക്ക് എന്നും പേടി സ്വപ്നമായിരുന്നു കണ്ണാടിയുടെ എഡിറ്റിംഗ്. ടിഎന്‍ജിയുടെ കണ്ണാടി എഡിറ്റിംഗിനെ ഓഫീസിലെ ഒരു ഭൂമികുലുക്കം എന്ന് ചുരുക്കി വിശേഷിപ്പിക്കാം. സ്വന്തമായ സ്‌ക്രിപ്റ്റിംഗില്‍ മാത്രമേ ടിഎന്‍ജി കണ്ണാടി ചെയ്യുകയുള്ളൂ. പക്ഷെ, എല്ലാ റിപ്പോര്‍ട്ടര്‍മാരും അതിനൊത്ത വിവരങ്ങളും ബൈറ്റുകളും ഒക്കെ അടങ്ങിയ ഒരു സ്‌ക്രിപ്റ്റ് മുന്‍പ് തന്നെ കൊടുത്തിരിക്കണം. വിഷയത്തിന്റെ സകല വിവരങ്ങളും പരമാവധി ബൈറ്റുകളും കൊടുത്തില്ലെങ്കില്‍ അന്ന് ആ റിപ്പോര്‍ട്ടരുടെ കാര്യം കഷ്ടമായിരിക്കും. എഡിറ്റിംഗ് ബുധനാഴ്ചയെന്തോ ആണെന്നാണ് എന്റെ ഓര്‍മ്മ. ഓഫീസിലെ എല്ലാ ജോലികളും കഴിഞ്ഞ്, രാത്രി ഒരു 10 മണിയോടെ ടിഎന്‍ജി ഇങ്ങ് വരും. കണ്ണാടിയിലേക്കുള്ള ഓരോ സംഭവങ്ങള്‍ ആയി എടുക്കും. ആദ്യം വിഷ്വല്‍ അടുക്കിയിട്ടാണ്, വോയിസ് ഓവര്‍ എടുക്കുക. ടിഎന്‍ജി ഉദ്ദേശിച്ച എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടര്‍മാര്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, രാത്രി ഒരു മണിക്കും രണ്ടു മണിക്കും ആ റിപ്പോര്‍ട്ടറെയും ഓഫീസിലെ എല്ലാവരെയും ടിഎന്‍ജി വിളിച്ച് എഴുന്നേല്‍പ്പിക്കും. മിക്കവാറും എല്ലാ ദിവസവും, ഏകദേശം എല്ലാ റിപ്പോര്‍ട്ടര്‍മാരുടെയും ഉറക്കം പോകാറുണ്ട് എന്നതാണ് സത്യം. പക്ഷെ എന്നെ ഒരിക്കല്‍ പോലും അദ്ദേഹം വിളിച്ചെഴുന്നെല്‍പ്പിച്ചിട്ടില്ല. കാരണം ടിഎന്‍ജിക്ക് എന്തൊക്കെ വേണം എന്നുള്ളതില്‍ ഞാന്‍ അതീവ ജാഗ്രത കാട്ടാറുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടതിലും അധികം ബൈറ്റും, അധികം വിവരങ്ങളും ഞാന്‍ പരമാവധി ഒരുക്കി നല്‍കും. ആ കണക്കുകൂട്ടല്‍ എനിക്ക് തെറ്റിയിട്ടില്ല എന്നാണ് ഇന്ന് ആലോചിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെയാകും എനിക്ക് അദ്ദേഹത്തില്‍ നിന്ന് പാതിരാത്രിയില്‍ തെറിവിളി കേള്‍ക്കേണ്ടി വരാഞ്ഞതും.

NIKESH6

സഹയാത്രികന് സ്‌നേഹപൂര്‍വ്വം

ടിഎന്‍ജിയുമായുള്ള യാത്രകളുടെ ദിനങ്ങള്‍ എനിക്കെന്നും ഏറ്റവും ആവേശം നല്‍കുന്ന അനുഭവങ്ങളാണ്. ഞങ്ങള്‍ രണ്ടുപേരും പൊതുവെ എല്ലാ ദിവസവും ഓഫീസില്‍ പോകുന്നവരും, പൊതുവെ അവധി എടുക്കാത്തവരുമായിരുന്നു. അങ്ങനെയുള്ള ഞങ്ങളുടെ യാത്രകള്‍ അതുകൊണ്ട് തന്നെ സാധാരണ എല്ലാവരും പോകുന്ന സ്ഥലങ്ങളിലേക്കും ആയിരുന്നില്ല. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്വാധീനിച്ച അനുഭവങ്ങളാണ് ഞങ്ങളുടെ യാത്രാലക്ഷ്യങ്ങളെ എന്നും തീരുമാനിച്ചിരുന്നതും. മാവോയെയും,ലെനിനേയും കാണുകയെന്നത് ഞങ്ങളുടെ എക്കാലത്തെയും വലിയ ആഗ്രഹങ്ങള്‍ ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍, ഞാനും ടിഎന്‍ജിയും സന്തോഷ് ജോര്‍ജ് കുളങ്ങരയും ചൈന-റഷ്യ യാത്രപോയി, മോസ്‌കോയിലും ബെയ്ജിംഗിലും എത്തി ലെനിന്റെയും മാവോയുടെയും എംബാം ചെയ്ത ശരീരം കണ്ടു. പിന്നീടും ഒരുപാട് യാത്രകള്‍…

NIKESH10

പേടിച്ചുള്ള യാത്രകള്‍

പല യാത്രകളും നമ്മള്‍ മുന്‍പേ തീരുമാനിക്കുന്നതാണ്. സന്തോഷ് ഒരുപാട് യാത്രകള്‍ പോകാറുണ്ട്.പക്ഷെ ഞാനും ടിഎന്‍ജിയും നമ്മള്‍ മൂന്നു പേരും ഉണ്ടെങ്കില്‍ മാത്രമേ പൊതുവെ ഇത്തരം യാത്രകള്‍ക്ക് പോകാറുള്ളൂ. പലപ്പോഴും യാത്രകള്‍ മുന്‍പേ തീരുമാനിച്ച് അവസാന നിമിഷമാകും എനിക്ക് എന്തെങ്കിലും തിരക്കുകള്‍ വരിക. അപ്പോള്‍ ഞാനൊന്ന് മടിക്കും. ഓഫീസില്‍ നിന്ന് ഒരുപാട് ദിവസം മാറി നില്‍ക്കേണ്ടി വരുമെന്ന വിഷമം ഉണ്ടാകുമെങ്കിലും, ഞാന്‍ യാത്ര പോകുക തന്നെ ചെയ്യും. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല, ടിഎന്‍ജിയെ പേടിച്ചിട്ട് തന്നെയായിരുന്നു. ഏത് തിരക്കിലും എന്നെ യാത്രകളിലെക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള ഒരു ആകര്‍ഷണം ടിഎന്‍ജിക്ക് ഉണ്ടായിരുന്നു. ഓഫീസില്‍ നിന്ന് മാറി നില്‍ക്കുന്ന വിഷമം ഉണ്ടാകുമെങ്കിലും, ഒന്ന് രണ്ടു ദിവസങ്ങളില്‍ അതൊക്കെ മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരദ്ഭുത സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.

NIKESH5

മൂന്നാം കണ്ണുള്ള മാന്ത്രികന്‍

കാഴ്ചകളിലെ മാന്ത്രികന്‍ ഒറ്റ വാക്കില്‍ അങ്ങനെയേ അദ്ദേഹത്തെ എനിക്ക് വിശേഷിപ്പിക്കാനാകൂ. എല്ലാവരും കാണുന്നതിനു അപ്പുറം കാണാന്‍ അദ്ദേഹത്തിനു കഴിയും. ഇതൊരു കാഴ്ചയും നമ്മള്‍ കാണുന്നത് പോലെയാകില്ല അദ്ദേഹം കാണുന്നത്. അതിനു നമ്മള്‍ ആരും തിരിച്ചറിയാത്ത ഒരു മാനത്തോടെ മറ്റൊരു അര്‍ത്ഥതലത്തിലാകും അദ്ദേഹം നോക്കിക്കാണുന്നത്. കുറിയ വാക്കുകളില്‍ അദ്ദേഹം നല്‍കുന്ന ചെറു വിശദീകരണം ഞാനത് ശ്രദ്ധിച്ചില്ലല്ലോയെന്ന നിരാശയോടെ വീണ്ടും അതെ കാഴ്ചയെ നോക്കിക്കാണാന്‍ ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നു. ഞങ്ങളെല്ലാം അറിവുകള ആര്‍ജിക്കുമ്പോള്‍, കാഴ്ചകളിലെ തിരിച്ചറിവുകള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ടിഎന്‍ജി ആയിരുന്നു. വളരെ കൃത്യവും വ്യത്യസ്തവുമായി ഓരോ കാഴ്ചയും കാണാനുള്ള ഈ സിദ്ധി തന്നെയാണ് മലയാള ദൃശ്യ സംസ്‌കാരത്തിന്റെ സുപ്രധാന സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിച്ചതും.

NIKESH9

മനസിന്റെ ഡ്രൈവര്‍

ടിഎന്‍ജിക്ക് എന്നും ചില ഇഷ്ടങ്ങള്‍ ഉണ്ടായിരുന്നു, യാത്രകളില്‍ ചില സ്ഥലങ്ങളില്‍ പോകണ്ടയെന്നു ടിഎന്‍ജി മുന്‍പേ തീരുമാനിച്ചിരിക്കും. ഇതറിഞ്ഞ് ഞാനും സന്തോഷും രാവിലെ ടി എന്‍ജിയറിയാതെ എങ്ങനെയും മറ്റൊരു സ്ഥലത്ത് പോകണമെന്ന് ആസൂത്രണം ചെയ്യും. ഇത് ഞാനും സന്തോഷും സമര്‍ത്ഥമായി അവതരിപ്പിക്കുകയും ചെയ്യും. പക്ഷെ, ടിഎന്‍ജി ചുരുക്കം വാക്കുകള്‍ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ട സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ മനസിനെയും നയിക്കും. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ ഞങ്ങളുടെതുമാക്കി മാറ്റും. അതുല്യമായ ആ കഴിവ് എന്നും ടിഎന്‍ജി പ്രകടിപ്പിച്ചിരുന്നു .

NIKESH7

പൂര്‍ത്തിയാകാത്ത ആ യാത്ര

കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ജീവിതത്തില്‍ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. ഒടുവിലും നമ്മളൊരു യാത്ര ആസൂത്രണം ചെയ്തിരുന്നു. അപ്പോളാണ് ടിഎന്‍ജി അസുഖബാധിതനായത്. സന്തോഷും ഞാനും ടിഎന്‍ജി സുഖമായി വന്നാലുടന്‍ പോകാനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി വെച്ചിരുന്നു. പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെക്കുള്ള യാത്രയായിരുന്നു അത്. ആ യാത്ര ബാക്കിയാക്കിയാണ് അദ്ദേഹം ഞങ്ങളെ കൂടാതെ ഒറ്റയ്ക്ക് ഇന്ന് യാത്രയായത്.

എന്റെ പ്രിയപ്പെട്ട ടി എന്‍ ജിക്ക് യാത്രാമൊഴി നേരുന്നു…

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top