‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’; കൈമലര്‍ത്തി ഹോട്ടലുടമ, തന്റെ കഥ തന്നെയെന്ന് അഖിലേഷ്

Untitled-1

‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’എന്ന് ബില്ലില്‍ എഴുതിക്കൊടുത്ത ഹോട്ടല്‍ ജീവനക്കാരനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സത്യാവസ്ഥയില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. പോസ്റ്റ് വൈറലായെങ്കിലും ആ പ്രവൃത്തിയുടെ ക്രെഡിറ്റ് താന്‍ ഏറ്റെടുക്കുന്നില്ലെന്നും തന്റെ നല്ലവനായ ജീവനക്കാരനായിരിക്കാമെന്നും പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റിലുള്ളത് തന്റെ കഥയാണെന്ന് അഖിലേഷ് പറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ നിന്നും പഴയ ബില്‍ നഷ്ടപ്പെട്ടതിനാല്‍ പുതിയ ബില്‍ താന്‍ ഗൂഗിളില്‍ നിന്ന് എടുത്ത ശേഷം സ്വന്തം കൈപ്പടയില്‍ എഴുതിയതാണെന്നും അഖിലേഷ് പറഞ്ഞു.

ഫെയ്‌സ്ബുക്കിലെ പബ്ലിക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സിലാണ് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന അനുഭവകഥ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്. തെരുവില്‍ അലയുന്ന ബാലന് ഭക്ഷണം വാങ്ങിക്കൊടുത്തപ്പോള്‍ ബില്ലില്‍ മലപ്പുറത്തെ ഹോട്ടലുടമ എഴുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്ായത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ദീര്‍ഘനേരം നീണ്ട് നിന്ന മീറ്റിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം ഭക്ഷണം കഴിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ എത്തിയ ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ആദൃം കണ്ണോടിച്ചത് ഹോട്ടലിനകത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തിലേക്ക് കണ്ണ് പായിക്കുന്ന കൊച്ചുബാലനെയാണ്. പ്രതീക്ഷയോടെ ഓരോ ടേബിളിലേക്കും അവന്‍ കണ്ണോടിക്കുകയാണ്.പിന്നെ ഒരു നിമിഷം പോലും കളയാന്‍ തോന്നിയില്ല. ഉടനെ ആ കൊച്ചുബാലനെ ഹോട്ടലിനുളളിലേക്ക് വിളിച്ചു. തന്റെ കുഞ്ഞുസഹോദരിയുടെ കൈയ്യും പിടിച്ച് അവന്‍ ഹോട്ടല്‍ മുറിക്കുളളിലെത്തി. ഇഷ്ടമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അവസരം നല്‍കി. ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്കായിരുന്നു അവന്റെ ശ്രദ്ധ. ഉടനെ അതേ ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത് അവന് നല്‍കി. ഭക്ഷണം കൊണ്ടുവരുമ്പോഴും കണ്‍മുന്നില്‍ വിളമ്പിയപ്പോഴും ആകാംഷയും അമ്പരപ്പും അവന്റെ കുഞ്ഞു കണ്ണുകളില്‍ പ്രകടമായിരുന്നു. ആര്‍ത്തിയോടെ അത് കഴിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ കൈകള്‍ അവനെ വിലക്കി. കൈ കഴുകാനാണ് അവള്‍ ഓര്‍മ്മിക്കുന്നതെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ അവന് മനസിലായി. തുടര്‍ന്ന് വളരെ ശാന്തമായി അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചുതീര്‍ത്തു. ഇടയ്ക്ക് അവര്‍ മുഖാമുഖം നോക്കുന്നതും പരസ്പരം ചിരിക്കുന്നതും കാണാമായിരുന്നു. ശേഷം കൈ കഴുകി മനസുനിറഞ്ഞ് ചിരിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങി. ഈ സമയമത്രയും ഒരു വറ്റുപോലും കഴിക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. ഭക്ഷണശേഷം ഞാന്‍ ബില്ല് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരന്‍ കൊണ്ടുവന്ന ബില്ലിലെ വാചകങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി.കഴിച്ച ഭക്ഷണത്തിന്റെ തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല അതില്‍,പകരം എനിക്കായി ഒരു വാചകം ‘മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടില്ല നന്മയുണ്ടാകട്ടെ’ എന്ന് മാത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top