ഈ പോരാട്ടത്തില്‍ ഞാന്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്നു: എന്‍എം പിയേഴ്‌സണുമായി അഭിമുഖം

pinarayi-vijayann

ബ്രില്‍ക്രീം പുരട്ടി നിശ്ചലമാക്കിയ മുടിയിഴകള്‍ പിണറായി വിജയന്റെ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് എന്ന വിമര്‍ശനം ഉന്നയിച്ച ആളാണ് ഇടതുചിന്തകനായ എന്‍എം പിയേഴ്‌സണ്‍. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സിപിഐഎമ്മിന്റെ തലപ്പത്തെ പിണറായിയുടെ പ്രവര്‍ത്തന ശൈലി ആ പാര്‍ട്ടിയെത്തന്നെ ഇല്ലാതാക്കും എന്ന് കടത്തിപ്പറഞ്ഞു, പലപ്പോഴും. ഇന്ത്യന്‍ രാഷ്ട്രീയവും വിശേഷിച്ച് ഇടതുപക്ഷവും സവിശേഷ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തെ തിരുത്തി വായിക്കുന്നു പിയേഴ്‌സണ്‍.

പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെ എക്കാലവും വിമര്‍ശിച്ച് പോന്നയാളാണ് താങ്കള്‍. പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് സാരഥ്യം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. കേരളം തെരഞ്ഞെടുക്കേണ്ടത് പിണറായി വിജയനെ തന്നെയാണ് എന്ന നാലപാട് സ്വീകരിക്കാന്‍ കാരണം എന്താണ്?

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വ്യത്യസ്തമായ നിലപാടും ശൈലിയും സ്വീകരിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് പ്രധാനം. പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളെ മനസിലാക്കാനും അതിനെ ആനിലക്ക് ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യാനും തയ്യാറാവുന്നതോടെ ഏതൊരു നേതാവിന്റെയും സ്വീകാര്യത വര്‍ധിക്കും . പിണറായി വിജയന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ചടത്തോളം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഈ നിലപാടുമാറ്റം കേവലം നൈമിഷികം ആവുകയും സ്വേച്ഛാധിപത്യ പ്രവണതയിലേക്ക് വീണ്ടും മടങ്ങുകയും ചെയ്താല്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്ക് ആകെതന്നെ തിരിച്ചടി ആകുമെന്നും തിരിച്ചറിയേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് സാഹചര്യം മുന്നില്‍ കണ്ടുള്ള ഉപരിപ്ലവമായ പ്രവര്‍ത്തന തന്ത്രം മാത്രമാണ് ഇതെന്ന വിമര്‍ശനം ശരിയാണോ. ഇടതുപക്ഷത്തിന്റെ പിഴവുകളെ തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായ മാറ്റം അതിന്റെ നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കരുതാമോ?

ഇപ്പോള്‍ പെട്ടെന്ന് അത്തരമൊരു മാറ്റത്തിലേക്ക് പോകാനുള്ള തീരുമാനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് ഒരു കാരണം ആയിട്ടുണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ സാഹചര്യത്തിന്റെ ഗൗരവം അവര്‍ക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നില്ല. പെരിഫെറലായ മാറ്റം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല. കേവലം ആയ പ്രതിച്ഛായ നിര്‍മ്മാണം കൊണ്ട് ഒരു ഗുണവും ഇല്ലെന്നാണ് തിരിച്ചറിയേണ്ടത്. ആത്മാര്‍ത്ഥമായ പ്രകടനമാണ് എല്ലാക്കാലത്തും സ്വീകരിക്കപ്പെട്ടത്. പെരിഫെറല്‍ മാറ്റങ്ങള്‍ ജനം തിരിച്ചറിയും. അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുക.

ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായിക്ക് മാത്രമുള്ള പ്രത്യേക മെറിറ്റ് എന്താണ്. പ്രസക്തി ഇടതുപക്ഷത്തിനല്ലേ, അതിന്റെ ഇപ്പോഴത്തെ നേതാവ് എന്നതിന് അപ്പുറം പിണറായി എന്ന വ്യക്തിയിലേക്ക് ഊന്നേണ്ടതിന്റെ സാഹചര്യം എന്താണ്?

കേരളത്തിലെ മാത്രമല്ല, രാജ്യത്ത് ആകെയുള്ള സാമൂഹ്യസാഹചര്യം നാം പരിശോധിക്കണം എന്നാണ് ഞാന്‍ പറയുക. അസഹിഷ്ണുതയും വര്‍ഗീയതയും നമ്മുടെ നാട്ടിലെ പ്രധാന പ്രശ്‌നം ആണ്. അതിനെതിരെ ഒന്നിച്ച് പൊരുതാനും മറികടക്കാനും കരുത്തരായ നേതാക്കളെ നമുക്ക് ആവശ്യമുണ്ട്. കരുത്തുറ്റ നേതാവെന്ന പ്രതിച്ഛായ ആണ് സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിയുടെ പ്രസക്തി. ആ നിലയില്‍ പരിശോധിച്ചാല്‍ വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ ജനതയെ നയിക്കാന്‍ പോന്ന കരുത്ത് പിണറായി വിജയന് ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ആ നിലയിലുള്ള പ്രത്യാശ ജനത്തിന് നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

സിപിഐഎമ്മിന്റെ പ്രവര്‍ത്തനമാറ്റങ്ങളെ നേതാക്കളുടെ ദ്വന്തയുദ്ധത്തിന്റെ ആരവത്തില്‍ മുക്കി കളയരുത് എന്ന നിര്‍ബന്ധം വിഎസിനും ഉണ്ടെന്ന് തോന്നുന്നു. വിഎസിന്റെ മാറ്റത്തെ എങ്ങിനെയാണ് കാണുന്നത്. ഏറെക്കാലമായി വിമര്‍ശനാത്മക നിലപാട് സ്വീകരിച്ചുപോന്ന വിഷയങ്ങളില്‍ പോലും അദ്ദേഹം ശ്രദ്ധേയമായ മൗനം പാലിക്കുന്നു?

വിഎസ് അച്യുതാനന്ദന്‍ സാമൂഹ്യസാഹചര്യത്തിന്റെ പ്രസ്‌ക്തി തിരിച്ചറിയുന്നുണ്ട് എന്ന് തന്നെ മനസിലാക്കണം. അതുകൊണ്ടാണ് അദ്ദേഹം മുന്‍കാലത്ത് നിന്നും വ്യതിരിക്തമായ നിലപാട് സ്വീകരിക്കുന്നത്. ആ നിലയിലുള്ള പരിഗണന പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് കൊടുക്കണം എന്നതാണ് എന്റെ അഭിപ്രായം. സൗഹൃദത്തിന്റെ പാതയിലുള്ള യാത്രയാണ് ഇടതുപക്ഷത്തിന് ഇന്ന് ഏറെ അനിവാര്യം. അതില്‍ നേരിയ പാളിച്ചയെങ്ങാനും വന്നുപോയാല്‍, വീണ്ടും വിഎസ് പിണറായി യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ഇപ്പോഴുള്ള പോസിറ്റിവ് മുഖം ആകെ തകര്‍ന്നുപോകും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇടതുപക്ഷം അങ്ങേയറ്റം ജാഗ്രത കാണിക്കണം.

പുതിയ സാഹചര്യത്തിലെ ഇടതുനേതൃത്വം സംബന്ധിച്ച ഓപ്ഷനുകള്‍ പരിശോധിച്ചാല്‍ വിഎസിനേക്കാള്‍ പ്രസക്തനാകുന്നുണ്ടോ പിണറായി വിജയന്‍?

ഭരണകര്‍ത്താവ് എന്ന നിലയില്‍ നമുക്ക് ആവശ്യം ആര്‍ജവവും കാഴ്ചപ്പാടുമുള്ള നേതാക്കളെയാണ്. വിഎസ് അച്യുതാനന്ദന്റെ ഭരണരംഗത്തെ ചരിത്രം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയായി അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. അതിന് സംഘടനാരംഗത്ത് തന്നെ ചില കാരണങ്ങളുമുണ്ട് എന്ന് കാണാം. അതേസമയം വൈദ്യുതി മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പിണറായി വിജയന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആര്‍ജ്ജവവും മികവുമുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് അക്കാലത്ത് കഴിഞ്ഞു. ആ നിലക്ക് പണറായി വിജയന്റെ സാരഥ്യം ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ജനസമ്പര്‍ക്കം ശൈലിയാക്കിയ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഉമ്മന്‍ചാണ്ടിയോടാണ് പിണറായി വിജയന്‍ പുതിയ പ്രതിച്ഛായയുമായി മത്സരിക്കുന്നത്. പുതിയ വഴിയില്‍ ജനമനസിലെത്തുക എന്നത് പിണറായിക്ക് എളുപ്പമാണോ?

കേവലം ജനസമ്പര്‍ക്കമോ ശരീരഭാഷകളോ മാത്രമായി അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് ആണ് ഇതെന്ന് ഞാന്‍ കാണുന്നില്ല. അതിനപ്പുറം കോര്‍പറേറ്റ് മൂലധനവും വര്‍ഗീയതയും ആശങ്കവിതക്കുന്ന സാഹചര്യത്തെയാണ് പ്രാധാന്യത്തോടെ കാണേണ്ടത്. ആ നിലയില്‍ കോര്‍പറേറ്റ് വത്കരണത്തെ എക്കാലവും എതിര്‍ക്കുന്ന ഒരു പാര്‍ടിയും അതിനോട് അചഞ്ചലമായ പ്രതിബദ്ധതയുള്ള നേതാവും എന്ന നിലക്ക് പിണറായി പ്രസക്തനാകുന്നു. വര്‍ഗീയതയോട് എതിര്‍നിലപാടെന്ന് പറയുമ്പോഴും സര്‍വ മതജാതി സംഘടനകളെയും ഒപ്പം നിര്‍ത്തി പോകാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇത് ആശാസ്യകരമല്ല. അതേസമയം വര്‍ഗീയതക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പിണറായിക്ക് കഴിയും എന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്.

DONT MISS
Top