ഐഎസില്‍ ചേരാന്‍ ശ്രമം: സിറിയയില്‍ നാല് ഇന്ത്യക്കാര്‍ പിടിയില്‍

Untitled-1

ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പുറപ്പെട്ട നാല് ഇന്ത്യക്കാര്‍ സിറിയയില്‍ പിടിയിലായി. പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്ന് സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മൗഅലേം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ ഉടന്‍ കൈമാറാനും സിറിയ ഇന്ത്യയോട് ആവശ്യപ്പെട്ടു.

പിടിയിലായവരെ സിറിയയിലെ ദമാസ്‌കസ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വാലിദ് അല്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റിലായ യുവാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ സിറിയ പുറത്തുവിട്ടിട്ടില്ല. നാല് പേരും ഐഎസില്‍ അണിച്ചേരുകയെന്ന ലക്ഷ്യത്തോടെ ജോര്‍ദാനില്‍ നിന്നാണ് സിറിയയില്‍ എത്തിയത്.

ഇതിനു മുന്‍പും സാമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ നാഗ്പൂര്‍ വിമാനതത്താവളത്തില്‍ നിന്നും പൊലീസ് പിടിയിലായിരുന്നു.

അതേസമയം ഇറാഖില്‍ ഐഎസിന്റെ തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സിറിയുടെ വിദേശകാര്യ മന്ത്രികൂടിയായ വാലിദ് അല്‍ മൗഅലേം നിരസിച്ചു. ഇറാഖി സൈന്യത്തിന്റെ തടവിലായിരുന്നു അവരെങ്കില്‍ തങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ ഐഎസിന്റെ തടവില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും സിറിയന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് വാലിദ് അല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തുക തുടങ്ങിയവയാണ് ഇന്ത്യ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാലിദ് അല്‍  മൗഅലേം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top