ഐഎഎസ് സ്വപ്‌നത്തിലേക്ക് ഓട്ടോ ഓടിച്ച് യെല്ലമ്മ

Untitled-2

ബംഗലൂരു: നഗരത്തെ ശ്വാസം മുട്ടിക്കുന്ന ട്രാഫിക്കിനിടയില്‍ നിന്നും യെല്ലമ്മ എന്ന 22കാരി ഓട്ടോ ഓടിച്ചുകയറുന്നത് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള ആദ്യപടിയിലേക്കാണ്. ഐഎഎസ് പരീക്ഷയ്ക്കുള്ള മുന്നൊരുക്കം നടത്തുന്നതിനിടയിലും ഉപജീവനത്തിനായി ഓട്ടോ സാരഥിയാവുകയാണ് യെല്ലമ്മ.

18-ആമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യെല്ലമ്മ വിവാഹിതയായത്. എന്നാല്‍ ഇന്ന് യെല്ലമ്മയും രണ്ടു വയസ്സുള്ള മകനും തനിച്ചാണ്. അതിജീവനത്തിനായി സഹോദരന്റെ സഹായത്തോടെ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. ഒരു സ്ത്രീ ആയതുകൊണ്ട് പലരും തനിക്ക് ഓട്ടോ വാടകയ്ക്ക് തരാന്‍ വിസമ്മതിച്ചിരുന്നു, അവസാനം ഒരു മെക്കാനിക്കാണ് 130 രൂപ ദിവസവാടകയ്ക്ക് ഓട്ടോ വാടകയ്ക്ക് തന്നതെന്നും യെല്ലമ്മ പറഞ്ഞു.

എന്നും രാവിലെ ആറു മണി മുതല്‍ എട്ടു മണി വരെ യെല്ലമ്മ ഓട്ടോ ഓടിക്കും, ഒഴിവുസമയങ്ങളില്‍ പത്രങ്ങളും മാസികകളും വായിക്കും. ഇതിനിടയില്‍ ചെറിയ സമയം പോലും യെല്ലമ്മ പാഴാക്കാറില്ല. പിയുസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും യെല്ലമ്മ നടത്തുന്നുണ്ട്. എന്നാല്‍ ലക്ഷ്യം ഒരു ഐഎഎസ് പദവിയാണ്. എന്തുകൊണ്ട് ഐഎഎസ് എന്നു ചോദിച്ചാല്‍ യെല്ലമ്മ പറയുന്നത് ഇങ്ങനെ ‘എനിക്ക് മറ്റു സ്ത്രീകളെയും സഹായിക്കണം’.

മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ അവര്‍ക്ക് കിട്ടുന്ന യാത്രക്കാരെ താന്‍ തട്ടിയെടുക്കുന്നതായി ആരോപണം ഉന്നയിക്കാറുണ്ട്. എന്നാല്‍ യാത്രക്കാര്‍ യെല്ലമ്മയോട് കാണിക്കുന്നത് മൃദുസമീപനമാണെന്നും, ചിലരൊക്കെ തന്റെ ജീവിതകഥ പറായാന്‍ ആവശ്യപ്പെടുന്നതായും, പഠിക്കാന്‍ പ്രചോദനം നല്‍കുന്നതായും, പത്തോ, ഇരുപത്തോ കൂടുതല്‍ ഓട്ടോ കൂലി തരുമെന്നും യെല്ലമ്മ പറയുന്നു. ഒരു ദിവസം യെല്ലമ്മയ്ക്ക് 700-800 രൂപയുടെ ഓട്ടം കിട്ടും, പെട്രോളും, വാടകയും കഴിഞ്ഞ് പകുതിയോളം ഒരു ദിവസം സമ്പാദിക്കുന്നുണ്ട് യെല്ലമ്മ. ഇങ്ങനെ ദാരിദ്ര്യത്തിനിടയിലും ഒരു വലിയ സ്വപ്‌നം സാഷാത്ക്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് യെല്ലമ്മ.

DONT MISS
Top