മദ്രസയില്‍ ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ ഫത്‌വ

kasim

കൊല്‍ക്കത്ത: റിപ്പബ്ലിക്ക് ദിനത്തില്‍ മദ്രസയില്‍ കുട്ടികളോട് ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട പ്രധാന അധ്യാപകനെതിരെ ഫത്‌വ ഏര്‍പ്പെടുത്തി. ദേശീയ ഗാനം ദൈവനിന്ദയാണെന്നും, ഹിന്ദുത്വ ഗാനമാണെന്നും, മുസ്ലീം സ്ഥാപനത്തില്‍ ത്രിവര്‍ണ പതാക പാറുന്നതും, ദേശീയഗാനം ആലപിക്കുന്നതും ഇസ്ലാമിക വിരുദ്ധതയാണെന്നും ആരോപിച്ചാണ് ഫത്‌വ ഏര്‍പ്പെടുത്തിയത്. കൊല്‍ക്കത്തയിലെ തല്‍പുകുര്‍ ആരാ ഹൈ മദ്രസയിലെ കാസി മസും അക്തറിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പരമ്പരാഗത മുസ്ലിം വേഷം ധരിച്ചില്ലെങ്കില്‍ അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുത്, കുര്‍ത്തയും, പൈജാമയും, തലപ്പാവും ധരിക്കണം, താടി വളര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഫത്‌വയില്‍ പറഞ്ഞിട്ടുള്ളത്.

താന്‍ പുരോഗമന ആശയങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണെന്നും, സ്‌കൂളിലെ പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ കല്ല്യാണം കഴിച്ചയക്കുന്നതിരെ പ്രതികരിച്ചിട്ടുണ്ടെന്നും കാസിം അക്തര്‍ വാര്‍ത്ത ഏജന്‍സിയോട്  പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ അക്തറിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തലയ്ക്ക് ക്ഷതമേറ്റ അദ്ദേഹം മാസങ്ങളോളം ആശുപത്രിയിലായിരുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടും, സംസ്ഥാന ന്യൂനപക്ഷ ചെയര്‍മാനോടും ആറു തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഭയന്ന് തനിക്ക് ഇതുവരെ മദ്രസയില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്നും, തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണറെ സമീപിച്ചെങ്കിലും അത് വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്നായിരുന്നു കമ്മീഷണറുടെ വാദമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top