ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്‍

slum

മുംബൈ: ‘സ്ലംഡോഗ് മില്യനയര്‍’ എന്ന ഓസ്‌കാര്‍ ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മുംബൈ നഗരത്തിന് അവകാശപ്പെടാന്‍ ഒരു അംഗീകാരം കൂടി. ലോകത്തിലെ ആദ്യത്തെ ചേരി മ്യൂസിയം മുംബൈയില്‍ നിര്‍മ്മിക്കുമെന്ന് മ്യൂസിയം സംഘാടക സമിതി അറിയിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ എല്ലാ വര്‍ഷവും ഉല്പാദിപ്പിക്കുന്ന വസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക. ചേരിപ്രദേശത്ത് നിലവില്‍ വരുന്ന ആദ്യത്തെ മ്യൂസിയമായിരിക്കും ഇതെന്ന് സ്പാനിഷ് ആര്‍ട്ടിസ്റ്റ് ജോര്‍ഗോ റുബിയോ പറഞ്ഞു. റുബിയോയാണ് ചേരി മ്യൂസിയമെന്ന ആശയത്തിന് പിന്നില്‍.

രണ്ടു മാസത്തേക്കായി ചെറിയൊരു മൊബൈല്‍ മ്യൂസിയം ഫെബ്രുവരിയില്‍ തുറക്കുമെന്നും, പാത്രങ്ങളും, വസ്ത്രങ്ങളുമടക്കം പുനരുത്പാദിപ്പിച്ച വസ്തുക്കളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും റുബിയോ പറഞ്ഞു. ചേരി പ്രദേശങ്ങളെ കുറിച്ചുള്ള പൊതുധാരണ മാറ്റുക, ചേരി നിവാസികളുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക തുടങ്ങിയ കാര്യങ്ങളാണ് ധാരാവി മ്യൂസിയം വിഭാവനം ചെയ്യുന്ന സംഘാടക സമിതി ലക്ഷ്യമിടുന്നത്.

DONT MISS
Top