പത്താൻകോട്ടിൽ തെരച്ചിലിനിടെ ഗ്രനേഡ് പൊട്ടി മലയാളി ലഫ്. കേണൽ മരിച്ചു

Untitled-1

പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ  ഗ്രനേഡ് പൊട്ടി മലയാളിയായ ലഫ്. കേണൽ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നിരഞ്ജന്‍‌ കുമാര്‍ (32) ആണ് സ്ഫോടനത്തില്‍ മരിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ ദേഹത്തു നിന്നും ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്‍എസ്ജിയില്‍ ലഫ്.കേണലാണ് നിരഞ്ജന്‍ കുമാര്‍.

പരുക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് ശിവരാജന്‍-രാജേശ്വരി ദമ്പതികളുടെ മകനായ നിരഞ്ജന്‍‌ കുമാര്‍ ബംഗലൂരുവില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മണ്ണാര്‍ക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുവരാനാണ് സാധ്യതയെന്ന് സിപി മുഹമ്മദ് എംഎല്‍എ പറഞ്ഞു.

ഇന്ന് രാവിലെ ബേസ്‌ക്യാംപില്‍ നിന്നും വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു.  ഇതിനിടെ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്ന് സൈനികര്‍ കൂടി ഇന്ന് രാവിലെ മരിച്ചു. ഇതോടെ ഇന്നലേയും ഇന്നുമായി മരിച്ച സൈനികരുടെ എണ്ണം ഏഴായി.

pathankot-attack_650x400_71451792133

അതേസമയം, വ്യോമസേനാ താവളത്തിനു നേരെ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. കൊല്ലപ്പെട്ടു കിടക്കുന്ന ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടായേക്കുമെന്ന് നിഗമനത്തില്‍ ഇന്നും സുരക്ഷാസേന പരിശോധന നടത്തും. കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘവും പത്താന്‍ കോട്ടിലുണ്ട്.

DONT MISS
Top