വണ്ടിപ്പെരിയാര്‍ സത്രം വഴി ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു

VANDIPPERIYAR

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാര്‍ സത്രം വഴി തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരുടെ വരവ് കൂടിയതോടെയാണ് ഇതുവഴിയുണ്ടായ ഭക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടായത്.

പുല്ലുമേട് ദുരന്തത്തെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നിന്നും കോഴിക്കാനം പുല്ലുമേട് വഴിയുള്ള ഗതാഗതം ഹൈക്കോടതി നിരോധിച്ചിരുന്നു. പകരം ഉപയോഗിക്കാന്‍ നിര്‍ദേശിച്ച വഴിയാണ് വണ്ടിപ്പെരിയാര്‍ സത്രം റോഡ്. വണ്ടിപ്പെരിയാറില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള ഈ റോഡ് കഴിഞ്ഞവര്‍ഷം വരെ തകര്‍ന്നു കിടക്കുകയായിരുന്നു. ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് റോഡ് വീതികൂട്ടി ടാറിംഗ് നടത്തിയത്. കുമളിയില്‍ നിന്ന് സത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസും ആരംഭിച്ചു. വിവിധ വകുപ്പുകള്‍ സംയുക്തമായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സത്രത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ നടന്നാല്‍ പുല്ലുമേട്ടിലും പിന്നീട് ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സന്നിധാനത്തുമെത്താം.

വിവിധ വകുപ്പുകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താനുള്ള സ്ഥലം വനംവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി അയ്യായിരത്തോളം പേരാണ് ഇതുവഴി കടന്നുപോകുന്നത്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് അധികൃതര്‍.

അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്തര്‍ വനത്തിനുള്ളില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ വനംവകുപ്പ് ശക്തമായ നടപടിയെടുക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top