ഇന്ത്യ 2015 ചില വാര്‍ത്താ ചിത്രങ്ങളിലൂടെ

മനുഷ്യ വികാരങ്ങളെയും സംഭവങ്ങളെയും ശക്തമായി പ്രതിപാദിക്കാന്‍ ഏറ്റവും മികച്ചത് ചിത്രങ്ങളാണ്. ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍ രാജ്യത്തുണ്ടായ സംഭവ വികാസങ്ങള്‍ ക്യാമറക്കണ്ണിലൂടെ…

kejriwal
ദില്ലിയില്‍ ആം ആദ്മി സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളാണ് ഈ വര്‍ഷം ആദ്യ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. അരവിന്ദ് കേജ്രിവാള്‍ എന്ന ശക്തനായ നേതാവിന്റെ തിരിച്ചുവരവിനാണ് ദില്ലി തെരഞ്ഞെടുപ്പ് വഴിവെച്ചത്. കോണ്‍ഗ്രസിനെയും ബിജെപിയെയും തറപറ്റിച്ച് ആം ആദ്മി ഉയര്‍ന്നു വന്ന വര്‍ഷമായിരുന്നു 2015.

laxmi
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു. പിഹു എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നതായി ഈ ചിത്രം.

suicide

കര്‍ഷക ആത്മഹത്യകള്‍ ഈ വര്‍ഷവും കുറവായിരുന്നില്ല. ഭൂ പരിഷ്‌കരണ ബില്ലില്‍ ഏറെ വിവാദങ്ങളും ഏറെ ചര്‍ച്ചകളും ഉണ്ടായി. അതിനിടെ എഎപിയുടെ റാലിക്കിടെ രാജസ്ഥാനിലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് 2015 നെ കണ്ണീരണിയിച്ചു.

kerala3

കേരള നിയമ സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ഉണ്ടായ കൂട്ടത്തല്ലും ബഹളവും ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. ധനമന്ത്രി മാണി നിയമസഭാംഗങ്ങള്‍ തമ്മില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഉണ്ടാക്കിയ ബഹളം കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായി. തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ അഴിമതി ആരോപിതനായ ധനമന്ത്രി രാജി വെക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.

yakub

1993 മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂര്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നത് ഈ വര്‍ഷമായിരുന്നു. മേമന്റെ ദയാഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്.

modi

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത് ഈ വര്‍ഷമാദ്യമായിരുന്നു. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ പാലം വിമാനത്താവളത്തിലെത്തിയ ഒബാമയെയും പ്രാഥമിക വനിത മിഷേലിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

modi coat

ഒബാമയുടെ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി ധരിച്ച കോട്ടും വിവാദത്തിലായി. സ്വന്തം പേരെഴുതിയ കോട്ട് ധരിച്ചെത്തിയ പ്രധാനമന്ത്രി പരിഹാസ കഥാപാത്രമാവുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് ഈ കോട്ട് 4 കോടി 31 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു.

geetha

പതിനൊന്ന് വര്‍ഷത്തിനു ശേഷം പാകിസ്താനില്‍ നിന്നും മടങ്ങിയെത്തിയ ഗീത രാജ്യത്തിന്റെ പൊന്നോമന പുത്രിയായി. ബധിരയും മൂകയുമായ ഗീത പാകിസ്താനില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോവുകയും പിന്നീട് പതിനൊന്ന് വര്‍ഷം പാകിസ്താനിലെ സംഘടനയുടെ സംരക്ഷണയില്‍ കഴിയുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഗീത ഇന്ത്യയില്‍ മടങ്ങിയെത്തി. എന്നാല്‍ ഗീതയുടെ മാതാപിതാക്കളെന്നവകാശപ്പെട്ടവരുടെ ഡിഎന്‍എ പരിശോധനഫലം പുറത്തുവന്നപ്പോള്‍ ഗീത അവരുടെ മകളല്ലെന്ന് കണ്ടെത്തി.

salman-khan
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് ഏറെ ഗുണകരമായ വര്‍ഷമായിരുന്നു 2015. 2002 ലെ വാഹനാപകടകേസില്‍ ജയിലിലാവുമെന്ന് കരുതിയ സല്‍മാനെ ഭാഗ്യം തുണച്ചു. മദ്യപിച്ച് വാഹനമോടിച്ച് വഴിയരുകില്‍ ഉറങ്ങുകയായിരുന്ന ഒരാളെ ഇടിച്ചു കൊന്നു എന്നായിരുന്നു കേസ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സല്‍മാന്‍ ഖാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു.

beef

രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം 2015 ല്‍ ആരംഭിച്ചു. പശു ഗോമാതാവാണ് എന്നാരോപിച്ച് ഹിന്ദുത്വവാദികളും ബിജെപിയും ആര്‍എസ്എസും ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി. ബീഫ് കഴിക്കാനോ പശുവിറച്ചി വില്‍ക്കാനോ പാടില്ലെന്ന് മഹാരാഷ്ട്രയില്‍ നിയമം പാസാക്കി.

അസഹിഷ്ണുതാ വിവാദത്തിനും ബീഫ് നിരോധന വിവാദത്തിനും തിരികൊളുത്തി ദാദ്രി സംഭവം അരങ്ങേറി. ബീഫ് കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊന്നു. അഖ്‌ലാഖിന്റെ മകന്‍ ഡീനിഷിനെയും മര്‍ദ്ദിച്ചു. പിന്നീട് അഖ്‌ലാഖിന്റെ കുടുംബം നാട് വിട്ടു. ഇപ്പോള്‍ ചെന്നൈയിലാണ് അഖ്‌ലാഖിന്റെ കുടുംബം താമസിക്കുന്നത്.

ഹരിയാനയില്‍ ദലിത് കുടുംബത്തെ തീയിടുകയും അതില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തു മരിക്കുകയും ചെയ്തു. അസഹിഷ്ണുത വര്‍ധിക്കുന്ന സംഭവങ്ങള്‍ പിന്നീട് ധാരാളമുണ്ടായി. പുരോഗമന ചിന്തകരായ എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളും പ്രതിഷേധത്തിനിടയാക്കി.

pansare

അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാരും എഴുത്തുകാരും ഹപുരസ്‌കാരങ്ങളും തിരിച്ചു നല്‍കിയ നടപടിയും ഈ വര്‍ഷം കണ്ടു. കേന്ദ്ര സര്‍ക്കാരിനെ ഏറെ നാണം കെടുത്തിയ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കലാകരാന്മാരില്‍ തന്നെ ചേരിതിരിവ് ഉണ്ടായി. അനുപം ഖേറിന്റെ നേതൃതവത്തില്‍ ഒരു വിഭാഗം കലാകാരന്മാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ ഇതിനെല്ലാം മോദിയുടെ മൗനമായിരുന്നു അമ്പരപ്പിച്ചത്. രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് നിസാരമായി പറഞ്ഞ് മോദി ആ വിഷയം കൈവിട്ടു.

sudeendra-kulkarni
പാകിസ്താന്‍ എഴുത്തുകാര്‍ക്കും ഗായകര്‍ക്കും വിലക്ക് കല്‍പ്പിച്ചു കൊണ്ട് ആര്‍എസ്എസും ശിവസേനയും ജനാധിപത്യത്തെ വെല്ലുവിളിച്ച 2015. പാക് ഗായകന്‍ ഗുലാം അലിയെ മുംബൈയില്‍ കച്ചേരി നടത്താന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു ശിവസേന. അതിനിടയില്‍ മുന്‍ പാക് വിദേശകാര്യമന്ത്രി കര്‍സായിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഭവ ബഹുലമായി. സംഘാടകനായ സുദീന്ദ്ര കുല്‍ക്കര്‍ണിയുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ച് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തി.

ftti
സിനിമാ. സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതിനെതിരെ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവും ശ്രദ്ധേയമായി.

Untitled-1

ചെന്നൈയിലുണ്ടായ പ്രളയം രാജ്യത്തെ പിടിച്ചുലച്ചു. ഭക്ഷണവും കുടിക്കാന്‍ വെള്ളവും പണവുമില്ലാതെ തമിഴ്നാട്ടുകാര്‍ വലഞ്ഞു. നിരവധി പേര്‍ വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞു.  ദുരിത ബാധിതര്‍ക്ക് രാജ്യം ഒറ്റക്കെട്ടായി സഹായം എത്തിച്ചു.  പ്രളയത്തിന്‍റെ ഭീകരത ചിത്രങ്ങളിലൂടെ പുറംലോകം അറിഞ്ഞു.

NIRBHAYA1

ഏറ്റവും ഒടുവില്‍ ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാക്കാത്ത പ്രതിയെ വിട്ടയച്ച സംഭവവും രാജ്യത്ത് ഏറെ പ്രതിഷേധത്തിനിടയാക്കി. മരിച്ച പെണ്‍കുട്ടി നിര്‍ഭയ എന്ന ജ്യോതിയുടെ മാതാപിതാക്കള്‍ പ്രതിയെ വിട്ടയക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയെങ്കിലും സുപ്രീംകോടതി പ്രതിയെ വിട്ടയച്ച് വിധിയിറക്കി.

DONT MISS
Top