ഒളിവില്‍ കഴിഞ്ഞ നാലു പേര്‍ ബംഗലുരുവില്‍ മരിച്ച നിലയില്‍

Untitled-1

ബംഗലുരു: പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന നാല് ആന്ധ്രാപ്രദേശ് സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകശ്രമത്തിന് ആന്ധ്രാപ്രദേശ് പൊലീസ് കേസെടുത്ത നാല് പേരെയാണ് കര്‍ണാടകയിലെ മാലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീരചന്ദ്ര റെഡ്ഡി(35), രാം മോഹന്‍ റെഡ്ഡി(41), അരുണകാന്ത റെഡ്ഡി(43), ചെന്നകേശവ റെഡ്ഡി(41) എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കടപ്പ ജില്ലയിലെ ഭദ്രംപള്ളി സ്വദേശികളാണ് ഇവര്‍.

ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭദ്രംപള്ളിയില്‍ നടന്ന ഒരു കൊലപാതക ശ്രമത്തില്‍ ആന്ധ്രപ്രദേശ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. നാലുപേരും മാലൂരിലെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇവര്‍ തിമ്മനായക്കനഹള്ളിയിലെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ എത്തിയത്.

തണുപ്പകറ്റാന്‍ കെട്ടിടത്തിനകത്ത് തീയിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാവാം മരണകാരണമെന്ന് കോലാര്‍ പൊലീസ് സുപ്രണ്ട് അജയ് പിലോരി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.

സംഭവത്തില്‍ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

DONT MISS
Top