ഇനിയും പാഠം പഠിക്കാത്ത സമൂഹം: ദില്ലി കൂട്ടബലാത്സംഗം നടന്നിട്ട് മൂന്ന് വര്‍ഷം

original
2012 ഡിസംബര്‍ 16, ആ കറുത്ത ദിനം ആരും മറക്കില്ല. ഒരു പാവം പെണ്‍കുട്ടിയെ ആറ് കാട്ടാളന്മാര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊന്ന ദിനം. ദില്ലിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി പീഡിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

ഡിസംബര്‍ 16 രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത ദില്ലിയില്‍ അരങ്ങേറിയത്. ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു. രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭമാണ് സംഭവം വഴിവെച്ചത്.

ജ്യോതിയെന്നും, നിര്‍ഭയയെന്നും ദില്ലി പെണ്‍കുട്ടിയെന്നുമൊക്കെ പേരുവിളിച്ച അവളുടെ ഓര്‍മ്മകള്‍ മാതാപിതാക്കളെ ഈറനണിയിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഇറങ്ങിയ ബിബിസിയുടെ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയും ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഭീകരതയെ ഓര്‍മ്മിപ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചും ദുരന്തത്തിന്റെ പ്രധാന കാരണം പെണ്‍കുട്ടിയാണെന്ന് നിലപാടിലായിരുന്നു പ്രതികള്‍.

ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ നാല് പേര്‍ക്ക് വധശിക്ഷ ലഭിച്ചു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുഖ്യപ്രതിയായ രാംസിങ് ജയിലില്‍ വെച്ച് തൂങ്ങിമരിച്ചു. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ലഭിക്കരുതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു.

nirbaya-1

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡിസംബര്‍ 19ന് വിട്ടയക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ സുബ്രഹമണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും നിരവധി സംഘടനകളും രംഗത്തു വന്നിരുന്നു.

ദില്ലിയിലെ ഈ സംഭവം ഇന്ത്യയില്‍ പല സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വഴിവെച്ചു. അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയെന്ന നിലയില്‍ ചൂല്‍ തെരഞ്ഞെടുപ്പ് ചിഹ്നമാക്കി ദില്ലിയില്‍ വിജയം കൊയ്ത അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്ക് ശക്തി പകര്‍ന്നത് ഈ സംഭവമായിരുന്നു. പാര്‍ട്ടിയ്ക്ക് ലഭിച്ച പിന്തുണയുടെ പിന്നില്‍ ദില്ലിയെ നടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകളായിരുന്നു. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ മുന്‍നിരയില്‍ ആം ആദ്മി പാര്‍ട്ടിയും കേജ്‌രിവാളും ഉണ്ടായിരുന്നു. രാഷ്ട്രപതിഭവനിലേയ്ക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരത്തോളം പ്രക്ഷോഭത്തിന് അണിനിരന്നു.

ജന്തര്‍മന്തറില്‍ ആം ആദ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മുമ്പ് ബലാത്സംഗത്തില്‍ ഇരയായവരും നീതിയ്ക്കായി ആം ആദ്മിയോടൊപ്പം ചേര്‍ന്നു. ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം.

രാജ്യത്തിന്റെ നിയമവ്യവസ്ഥയെക്കൂടി ചോദ്യം ചെയ്തുകൊണ്ടാണ് ദില്ലി പെണ്‍കുട്ടി രക്തസാക്ഷിയായി മാറിയത്. പ്രതികള്‍ ആറു പേരില്‍ അതിക്രൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. പ്രതികള്‍ എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷ വിധിക്കണമെന്ന ആവശ്യം പ്രായപൂര്‍ത്തിയായില്ല എന്നതിന്റെ പേരില്‍ തള്ളിപ്പോയി. ഇയാള്‍ക്ക് മൂന്ന് മാസത്തെ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.

കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്നതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കുട്ടിക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് പ്രതിയ്ക്ക് ലഭിച്ചത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തു വന്നിരുന്നു. പ്രതിയെ ക്രിമിനല്‍കോടതിയില്‍ വിചാരണ ചെയ്യണമെന്നും ജുവനൈല്‍ ബോര്‍ഡിന്റെ വിധി റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയ്ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്ന ആക്ഷേപവും ഉണ്ടായി. ഇതെല്ലാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

nirbhaya 2

ദില്ലി ബലാത്സംഗത്തിനു ശേഷവും രാജ്യത്ത് പലയിടങ്ങളിലായി അനേകം പെണ്‍കുട്ടികള്‍ പീഡിക്കപ്പെടുന്നു. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഇനിയും കാര്യക്ഷമമാക്കിയില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഓരോ പെണ്‍കുട്ടികളുടെയും ഭാവി എന്താകുമെന്ന ചോദ്യം മാത്രമാണ് ഉയരുന്നത്. ഈ ദിനത്തിലും നിര്‍ഭയക്ക് വേണ്ടി കണ്ണുകള്‍ നിറയും, പുഷ്പങ്ങള്‍ സമര്‍പ്പിക്കും, മെഴുകുതിരികള്‍ തെളിക്കും. എന്നാല്‍ ഒരു നിര്‍ഭയ നമുക്ക് ഒരു പാഠവും നല്‍കിയിട്ടില്ലെന്ന് വ്യക്തം.

DONT MISS
Top