പറമ്പിക്കുളം-ആളിയാര്‍ കരാറില്‍ തമിഴ്‌നാടിന്റെ ലംഘനം

parambikkulam

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരള ഷോളയാറില്‍ ലഭിക്കേണ്ട ജലം നല്‍കാതെ തമിഴ്‌നാട് തുടര്‍ച്ചയായി കരാര്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ കണക്കുകള്‍ പ്രകാരം കേരളത്തിന് ലഭിക്കാനുള്ളത് 130 ദശലക്ഷം ഘനമീറ്റര്‍ജലമാണ്. അപ്പര്‍ ഷോളയാറില്‍ നിന്നുള്ള നീരൊഴുക്കില്ലാത്തതോടെ ചാലക്കുടി പുഴത്തടം കടുത്ത വരള്‍ച്ചാ ഭീഷണയിലേക്ക് നീങ്ങുകയാണ്.

പിഎപി കരാര്‍ പ്രകാരം സെപ്തംബര്‍2നും ജനുവരി 31നുമിടയില്‍ കേരള ഷോളയാറില്‍ പൂര്ണ്ണസംഭരണശേഷിയായ 2663 അടിയില്‍ നിന്ന് അഞ്ച് അടി താഴെയായി ജലവിതാനം ഉറപ്പ് വരുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കേരളത്തിന് ജല ലഭ്യത ഉറപ്പുവരുത്തേണ്ട തമിഴ്‌നാട് ഷോളയാര്‍ അണക്കെട്ടിലെ രണ്ടാം നമ്പര്‍ പവര്‍ ഹൗസ് നിലവില്‍അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, തമിഴ്‌നാട്ടിലേക്ക് വെള്ളമെത്തിക്കുന്ന ഒന്നാം നമ്പര്‍ പവര്‍ ഹൗസ് പ്രവര്‍ത്തിപ്പിച്ച് പറമ്പിക്കുളം അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുമുണ്ട്. 2015 നവംബര്‍ 30ന് കേരള ഷോളയാറിലെ ജലനിരപ്പ് 2647 അടിയും ജലസംഭരണം 109 ദശലക്ഷം ഘനമീറ്ററും മാത്രമാണ്. 15 അടിയുടെ കുറവ് ജലമാണ് നിലവില്‍ കേരള ഷോളയാറിലുള്ളത്. കേരള ഷോളയാറിലെ വൈദ്യുതോല്‍പാദനം പൂര്‍ണതോതില്‍നടത്തിയാല്‍ 55 ദിവസത്തേക്കുള്ള ജലം മാത്രമേ ശേഷിക്കുന്നുള്ളൂ.

കേരളത്തിനവകാശപ്പെട്ട 130 ദശലക്ഷം ഘനമീറ്റര്‍ ജലത്തില്‍ 115 ദശലക്ഷം ഘനമീറ്റര്‍ ജലമെങ്കിലും ജനുവരി 31നകം നേടിയെടുക്കാനായില്ലെങ്കില്‍ ഗുരുതരമായ വരള്‍ച്ചയാകും കേരള ഷോളയാറിന് താഴെയുള്ള പ്രദേശങ്ങള്‍ അനുഭവിക്കേണ്ടി വരിക. ലോവര്‍പെരിയാറിലേയും പെരിങ്ങല്‍ക്കുത്തിലേയും വൈദ്യുതോല്‍പ്പാദനത്തെയും തമിഴ്‌നാടിന്റെ നീക്കം ബാധിക്കും. 30 പഞ്ചായത്തുകളിലെ കൃഷിയും കുടിവെള്ള വിതരണവും ചാലക്കുടി പുഴയെ ആശ്രയിച്ചാണ്. അതിലപ്പിള്ളിയിലെ ടൂറിസം മേഖലയ്ക്കും കരാര്‍ ലംഘനം തിരിച്ചടിയാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top