അഹമ്മദ് ജാവേദ് ഐപിഎസ് പുതിയ സൗദി അംബാസഡറായേക്കും

ahammed-javedറിയാദ്: മുംബൈ പൊലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദ് ഇന്ത്യയുടെ പുതിയ സൗദി അംബാസഡര്‍ ആകുമെന്ന് സൂചന. ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഐപിഎസ് ഉദ്യോഗസ്ഥനെ അംബാസഡറായി നിയമിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

എട്ട് മാസമായി സൗദി അറേബ്യയില്‍ ഇന്ത്യന്‍ അംബാസഡറെ നിയമിക്കാന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സൗദിയിലേക്ക് പൊലീസ് സേനയില്‍ നിന്നുളള ചുറുചുറുക്കുളള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിര്‍ദേശിച്ചതാണ് അഹമ്മദ് ജാവേദിനെ പരിഗണിക്കാന്‍ കാരണം.

ഇന്ത്യയുടെ അടുത്ത സൗഹൃദ രാഷ്ട്രം കൂടിയായ സൗദി അറേബ്യ, പശ്ചിമേഷ്യയിലെ തന്ത്രപ്രധാന രാജ്യമെന്ന നിലയിലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അഹമ്മദ് ജാവേദിനെ ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. അടുത്ത വര്‍ഷം വിരമിക്കുന്ന അഹമ്മദ് ജാവേദ് ഉടന്‍ തന്നെ അംബാസഡറായി ചുമതലയേല്‍ക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന.

2011 സെപ്റ്റംബറില്‍ സൗദിയില്‍ ചുമതലയേറ്റ ഹാമിദലി റാവു ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചതിനുശേഷം പുതിയ അംബാസഡറെ കണ്ടെത്താന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. നേരത്തെ വിദേശകാര്യ മന്ത്രാലയം വക്താവായിരുന്ന സയ്യിദ് അക്ബറുദ്ദീന്‍, മലയാളിയും ബിജെപി സഹയാത്രികനുമായ അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി മൈനോറിറ്റി മോര്‍ച്ച സെല്‍ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അഹമ്മദ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവീദ് അഷ്‌റഫ്, ചിക്കാഗോ കോണ്‍സല്‍ ജനറല്‍ ഡോ. ഔസാഫ് സഈദ് എന്നിവരെ പരിഗണിച്ചെങ്കിലും ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നിര്‍ദേശമാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അഹമ്മദ് ജാവേദിന് നറുക്ക് വീഴാന്‍ കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top