പരമ്പരാഗത കൃഷി രീതി കൈവിടാതെ കാസര്‍ഗോഡ് പിലിക്കോട്ടെ കര്‍ഷകര്‍

pilikkodകാസര്‍ഗോഡ്: വയല്‍ കാഴ്ചകള്‍ കാലത്തിനൊത്ത് മാറുകയും കൃഷി ഹൈടെക്കാവുകയും ചെയ്യുന്ന ഈ കാലത്ത് കാസര്‍ഗോഡ് പിലിക്കോട്ടെ വയലുകളിലെ കൃഷിക്കാഴ്ചകള്‍ ആരുടെയും മനം കുളിര്‍പ്പിക്കും. പരമ്പരാഗത കൃഷിരീതികള്‍ പിന്തുടരുന്ന നിരവധി കര്‍ഷകരുണ്ടിവിടെ.

ഈ ഗ്രാമത്തിലെ മടിവയല്‍, കോതോടി, കണ്ണങ്കൈ പാടങ്ങളിലാണ് മനസ്സു കുളിര്‍മ്മ നിറയ്ക്കുന്ന കാര്‍ഷിക കാഴ്ചകള്‍ നിറയുന്നത്. ഏക്കറോളം വയലുകളില്‍ ഒന്നാംവിള നെല്‍കൃഷിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍. വയലുകളിലെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനായി ഊവ്വേണികളാണ് ഇവിടെ കര്‍ഷകര്‍ ഉപയോഗിക്കുന്നത്.

കാളകളെ ഉപയോഗിച്ച് നിലം ഒരുക്കുന്നവരാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. പാളത്തൊപ്പി അണിഞ്ഞ് പാടത്ത് അധ്വാനിക്കുന്ന കര്‍ഷകരും പാട്ടുപാടി ഞാറു നടുന്ന സ്ത്രീകളുമെല്ലാം ഇവിടത്തെ വയല്‍കാഴ്ചകളാകുന്നു. വിത്തിടല്‍ മുതല്‍ വിളകൊയ്യല്‍ വരെ എല്ലാം മനുഷ്യാധ്വാനത്തിലൂടെ തന്നെ.

വരും നാളുകളിലും യന്ത്ര മുരള്‍ച്ച ഇല്ലാതെ പാടങ്ങള്‍ പച്ചപ്പണിയിക്കാന്‍ തന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ തീരുമാനം.

DONT MISS
Top