മോദിയുടെ വിസാനിരോധനം നീക്കാന്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നടപടികളുടെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

narendra-modiവാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാനിരോധനം ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ച നടപടികളുടെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരിക്കകം ഇത് സംബന്ധിച്ച എല്ലാ വിധ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

അടുത്ത വര്‍ഷം ഫെബ്രുവരി 29ന് കേസ് വീണ്ടും പരിഗണിക്കും.

മോദിയുടെ ടൂറിസ്റ്റ് വിസ 2005ല്‍ അമേരിക്ക റദ്ദ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നിയമത്തിന്റെ കീഴില്‍ വിസ നിഷേധിക്കപ്പെട്ട ഒരേയൊരു വ്യക്തിയാണ് നരേന്ദ്ര മോദി. എന്നാല്‍ സര്‍ക്കാര്‍ തലവന്‍മാര്‍ ഇത്തരം നിയമങ്ങള്‍ക്ക് അതീതരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം റദ്ദാക്കിയത്.

ഇതിനെതിരെ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതി നല്‍കിയത്. അമേരിക്കന്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മോദിയുടെ വിസയുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ മുതലുള്ള രേഖകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

2014 മെയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയെ ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ ബറാക് ഒബാമയായിരുന്നു. പ്രധാനമന്ത്രി മോദി രണ്ട് തവണ അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

DONT MISS
Top