ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

DonaldTrump-വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പെന്റഗണിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു. അമേരിക്കയിലെ സായുധസേനകളില്‍ മുസ്ലീങ്ങളുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് മുസ്ലീം രാജ്യങ്ങളുടെയും പിന്തുണയുണ്ടെന്ന കാര്യം മറക്കരുതെന്നും പീറ്റര്‍ കുക്ക് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലും ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.

മുസ്ലീം വിശ്വാസങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അമേരിക്കയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറയാതെയാണ് കുക്കിന്റെ വിമര്‍ശനം.

മുസ്ലീം സമുദായവുമായി മികച്ച ബന്ധം പുലര്‍ത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ട്രംപിന്റെ പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്ന് ആഭ്യന്തരസുരക്ഷാ വിഭാഗം സെക്രട്ടറി ജേ ജോണ്‍സണ്‍ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് തന്റെ പ്രസ്താവനകളിലൂടെ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റിന്റെ പ്രതികരണം.

മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കാലിഫോര്‍ണിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ ആവശ്യം. അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

DONT MISS
Top