തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനം: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് കൂടി

sabarimala

പത്തനംതിട്ട:തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് ശമനം ഉണ്ടായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്കേറി. ഇന്നലെ വൈകുന്നേരം നടതുറന്നശേഷം ആറ് മണിക്കൂറിലധികം കാത്തു നിന്നാണ് തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പദര്‍ശനം സാധ്യമായത്.

മണ്ഡലമാസം ആരംഭിച്ചതിന് ശേഷം സന്നിധാനത്ത് ഇതാദ്യമായാണ് തീര്‍ത്ഥാടകത്തിരക്ക് ഇത്രയും വര്‍ധിക്കുന്നത്. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തിന് ശമനം ഉണ്ടായതോടെയാണ് ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരടക്കം സന്നിധാനത്തേക്ക് എത്തുവാന്‍ തുടങ്ങിയത്. മഴയ്ക്ക് കുറവുണ്ടെങ്കിലും, റോഡുകള്‍ തകര്‍ന്നതിനാല്‍ ചുറ്റിത്തിരിഞ്ഞാണ് തീര്‍ത്ഥാടകര്‍ കേരളത്തിലേക്ക് എത്തുന്നത്.

കാഞ്ചീപുരം, ദിണ്ഡിഗല്‍, വെല്ലൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത്. ഇന്നലെ വൈകുന്നേരം നടതുറക്കുന്ന സമയത്ത് തീര്‍ത്ഥാടക നിര മരക്കൂട്ടത്തിന് അപ്പുറം വരെ നീണ്ടിരുന്നു. ഇതോടെ തീര്‍ത്ഥാടകരെ കൂടുതലായി പരമ്പരാഗത പാതയിലൂടെയാണ് പൊലീസ് കടത്തി വിടുന്നത്. ആറ് മണിക്കൂര്‍ വരെ കാത്തുനിന്നാണ് പലര്‍ക്കും അയ്യപ്പ ദര്‍ശനം സാധ്യമാകുന്നത്. മണ്ഡലകാല പൂജ അടുത്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് സന്നിധാനത്തുണ്ടാകുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തല്‍

DONT MISS
Top