ചെന്നൈയില്‍ ദുരിതത്തില്‍ പെട്ടവര്‍ക്കായി കനിഹയുടെ ധനസമാഹരണം

kaniha
ചെന്നൈ: കഴിഞ്ഞ മൂന്നാഴ്ചകളായി ചെന്നൈയില്‍ ദുരിതം വിതച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്റര്‍നെറ്റിലൂടെ ധനസാമാഹരണ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് സിനിമതാരം കനിഹ.

തമിഴ്‌നാടിനു വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകള്‍ക്കൊപ്പം നിങ്ങളാല്‍ ആവുന്ന സാമ്പത്തിക സഹായം കൂടി അവര്‍ക്കു വേണ്ടി ചെയ്തുകൊടുക്കൂ എന്ന അഭ്യാര്‍ത്ഥനയുമായി ‘ലെറ്റ്‌സ് ഹെല്‍പ് നമ്മ ഊരു ചെന്നൈ’ എന്ന പദ്ധതിയിലൂടെയാണ് കനിഹ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 3,00,000 ലക്ഷം രൂപ സമാഹരിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പരിപാടിയിലൂടെ ഇതുവരെ സമാഹരിച്ചത് 88,300 രൂപയാണ്.

കഴിഞ്ഞ മൂന്നാഴ്ചകളായി തുടരുന്ന കനത്ത മഴ ചെന്നൈ ജീവിതത്തിന്റെ നാനാ തുറകളില്‍ ദുരിതം വിതച്ചിരിക്കുകയാണ്.  ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വെള്ളപ്പൊക്കത്തിലും വെള്ളക്കെട്ടിലും ഉള്‍പ്പെട്ട് സ്വന്തം വീടും സ്ഥലവും വരെ വിട്ടു പോകേണ്ടി വന്നു.  തമിഴ്-മലയാളം സിനിമാ താരമായ കനിഹയ്ക്കും കുടുംബത്തിനും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടൊഴിഞ്ഞു പോകേണ്ടതായി വന്നിരുന്നു.  വടക്കു കിഴക്കന്‍ മണ്‍സൂണിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതിനാല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മഴയാണ് ഇത്തവണ ചെന്നൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
chennai flood

188ലധികമാണ് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  എല്ലാ തരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഏറെക്കുറേ നിലച്ച രീതിയിലാണ് ചെന്നൈയിപ്പോള്‍.  ഇപ്പോഴുള്ള വെള്ളപ്പൊക്കത്തിലും വരും ദിവസങ്ങളില്‍ വെള്ളപ്പൊക്കം തീര്‍ന്നാലുണ്ടാകുന്ന ദുരിതാശ്വസത്തിലേക്കുമായി ആരാധകരുടെ വിലപ്പെട്ട സാമ്പത്തിക സഹായമാണ് കനിഹ അഭ്യര്‍ത്ഥിക്കുന്നത്.  തമിഴ്‌നാട് സ്വദേശികള്‍ എന്നു വിലയിരുത്താതെ സ്വന്തം സഹജീവികള്‍ എന്ന രീതിയില്‍ മടിയില്ലാതെ സഹായങ്ങള്‍ ചെയ്യണമെന്ന് കനിഹ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ചെന്നൈ നേരിടുന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ സിനിമ താരങ്ങളായ അമിതാഭ് ബച്ചന്‍ രജനീകാന്ത്, അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍,സൂര്യ തുടങ്ങിയവര്‍ ജനതയുടെ നന്മയ്ക്കായ് പ്രാര്‍ത്ഥിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.  മലയാളി താരം മമ്മൂട്ടിയും തമിഴ്‌നാടിന് സാമ്പത്തിക സഹായം വാഗാദാനം ചെയ്തു.  മഴക്കെടുതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

DONT MISS
Top