ഇന്ത്യയിലെ മൂന്നര ലക്ഷം കാറുകള്‍ ഫോക്‌സ് വാഗണ്‍ തിരിച്ചു വിളിക്കുന്നു

volkswagon

ദില്ലി: മലിനീകരണ പരിശോധനകളെ മറികടക്കുന്നതിനായുള്ള ഉപകരണം ഡീസല്‍ എന്‍ജിനുകളില്‍ ഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വിറ്റ 3.23 ലക്ഷം കാറുകള്‍ തിരിച്ചെടുക്കാന്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി തീരുമാനിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെ അന്വേഷണ സംഘം കമ്പനിയുടെ മലിനീകരണം സംബന്ധിച്ച പരിശോധനകളില്‍ തട്ടിപ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിതരായത്. ഇ-189 എന്‍ജിനുകള്‍ ഘടിപ്പിച്ച ഡീസല്‍ കാറുകള്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുവിളിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

വാഹന സംബന്ധമായ പരാതികള്‍ അന്വേഷിക്കുന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ കമ്പനിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിരത്തിലോടുള്ള വാഹനങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിടുന്നതിന് കാരണമാകുന്ന തരത്തില്‍ ഇ-189 എന്‍ജിന്‍ ഘടിപ്പിച്ചതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ കമ്പനി പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും പ്രസ്താവന പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലോകവ്യാപകമായി നടന്ന തട്ടിപ്പിന്റെ ഭാഗമായി 110 ലക്ഷം ഡീസല്‍ കാറുകളില്‍ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ജര്‍മ്മന്‍ കമ്പനിയായ ഫോക്‌സ് വാഗണ്‍ സമ്മതിച്ചു. സമാനമായ തട്ടിപ്പിന് അമേരിക്കയില്‍ 1800 കോടി ഡോളര്‍ പിഴയാണ് കമ്പനിയ്ക്ക് ചുമത്തിയത്. വിവിധ കമ്പനികളുടെ 13.25 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

DONT MISS
Top