പരാജയപ്പെടുത്താനാവാത്ത പ്രതിഭ: ഇന്ന് ബ്രൂസ് ലീയുടെ 75ആം ജന്മദിനം

‘മനസ്സ് ശൂന്യമാക്കുക. രൂപമോ ആകൃതിയോ ഇല്ലാത്ത ജലം പോലെയാകുക. കപ്പില്‍ വെള്ളമൊഴിച്ചാല്‍ അത് കപ്പിന്റെ ആകൃതി സ്വീകരിക്കും. കുപ്പിയില്‍ ഒഴിച്ചാല്‍ കുപ്പിയുടെ ആകൃതി. ചായക്കോപ്പയില്‍ ഒഴിച്ചാല്‍ അതിന്റെ രൂപം. ജലത്തെ പോലെയാകാന്‍ ശ്രമിക്കുക.’ ബ്രൂസ് ലീ

bruce-leeഇരുപതാം നൂറ്റാണ്ടിലെ കള്‍ച്ചറല്‍ ഐക്കണ്‍ ആയിരുന്നു ബ്രൂസ് ലീ. മാര്‍ഷല്‍ ആര്‍ട്ടിസ്റ്റ്, സംവിധായകന്‍, നടന്‍, തത്വചിന്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചയാള്‍. അന്താരാഷ്ട്രതലത്തില്‍ താരമായ ആദ്യത്തെ ചൈനക്കാരന്‍ ആയിരുന്നു ബ്രൂസ് ലീ.

ബ്രൂസ് ലീയെക്കുറിച്ച് അറിയപ്പെടാത്ത ചില കാര്യങ്ങള്‍.

1940 നവംബര്‍ 27ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ചൈനീസ് സോഡിയാക് വിശ്വാസപ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. നഴ്‌സാണ് അദ്ദേഹത്തിന് ബ്രൂസ് എന്ന പേര് നല്‍കിയത്. ലീ എന്ന സ്ത്രീനാമമാണ് അമ്മ കുഞ്ഞുബ്രൂസിന് നല്‍കിയത്. ആണ്‍കുട്ടികളെ പിശാച് വേട്ടയാടുമെന്നും പെണ്‍കുട്ടിയുടെ പേരിട്ടാല്‍ പിശാചുക്കളെ കബളിപ്പിക്കാനാകുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്നാണ് അമ്മ മകന് ലീ എന്ന പേരിട്ടത്.

ഒരു തവണ മാത്രമേ ഏറ്റമുട്ടലില്‍ ബ്രൂസ് ലീ പരാജയം അറിഞ്ഞിട്ടുള്ളു. 13ആം വയസ്സില്‍ തെരുവില്‍ നടന്ന അടിപിടിക്കിടെയാണ് ആദ്യമായും അവസാനമായും തോല്‍വിയറിഞ്ഞത്. തുടര്‍ന്ന് ആയോധനകലയായ വിങ് സിയോണ്‍ വശത്താക്കി.

bruce-leeചൈനയിലെ ഓര്‍ഗനൈസ്ഡ് ക്രൈം സംഘടനയായ ട്രിയാഡിലെ ഒരംഗത്തെയാണ് ഒരിക്കല്‍ ബ്രൂസ് ലീ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് മകന്റെ ജീവന് ആപത്ത് സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ അവനെ പഠനാര്‍ത്ഥം അമേരിക്കയിലേക്ക് അയച്ചു.

അമേരിക്കയിലെത്തിയെങ്കിലും അധികകാലം കോളജില്‍ പോയില്ല. പഠനം ഉപേക്ഷിച്ച് പുറത്ത് ചാടി. ആയോധനകല പഠിപ്പിക്കാന്‍ സ്വന്തമായി സ്‌കൂള്‍ തുടങ്ങി. സ്വന്തം തട്ടകമായ ജുന്‍ ഫാന്‍ കുങ്ഫു ആണ് പഠിപ്പിച്ചത്. ചൈനീസ് വംശജരല്ലാത്തവരെ ആയോധനകല പഠിപ്പിക്കുന്നത് നിയമവിരുദ്ധമായിരുന്ന സമയത്താണ് ബ്രൂസ് ലീ സ്വന്തമായി സ്‌കൂള്‍ ആരംഭിച്ചത്. ബ്രൂസ് ലീ പരാജയപ്പെട്ടാല്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പന്തയത്തോടെ 1964ല്‍ ഒരു പോരാട്ടം നടത്തി. ഇതില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ചൈനക്കാരല്ലാത്തവരെ പഠിപ്പിക്കാന്‍ അനുമതി ലഭിച്ചത്.

സാധാരണ ചലച്ചിത്രങ്ങളിലെ സ്റ്റണ്ട് സീനുകളില്‍ ആക്ഷനുകളുടെ വേഗത കൂട്ടിയാണ് കാണിക്കാറ്. എന്നാല്‍ ബ്രൂസ് ലീയുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. എഡിറ്റിംഗിലൂടെ വേഗത കുറച്ചായിരുന്നു ബ്രൂസ് ലീയുടെ ആക്ഷനുകള്‍ കാണിച്ചിരുന്നത്. അത്രയും വേഗതയായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക്. 2000 കിക്ക്, 5000 പഞ്ച്, 200 ലീനിംഗ് ട്വിസ്റ്റ്, 200 ഫ്രോഗ് കിക്ക്, 100 സിറ്റ്അപ്, 100 ലെഗ് ട്വിസ്റ്റ് എന്നിവയായിരുന്നു ദിവസത്തെ അദ്ദേഹത്തിന്റെ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നത്.

bruce-leeകരുത്തുറ്റ ശരീരമായിരുന്നു മറ്റൊരു പ്രത്യേകത. ഒരിഞ്ച് മാത്രം അകലെ നിന്ന് പ്രഹരിച്ചാല്‍ പോലും എതിരാളിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്. ഒരു കൈയുടെ പെരുവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് പുഷ്അപ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പ്രധാന ആയുധമായ നഞ്ചക്ക് ഉപയോഗിച്ച് ടേബിള്‍ ടെന്നീസ് വരെ കളിക്കുമായിരുന്നു ബ്രൂസ് ലീ.

1970ല്‍ പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് കുങ് ഫു പരിശീലിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ച അദ്ദേഹം കൂടുതല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

1973 ജൂലൈ 20ന് ആണ് ബ്രൂസ് ലീ ഈ ലോകത്തോട് വിട പറഞ്ഞത്. മസ്തിഷ്‌കത്തെ ബാധിച്ച അലര്‍ജിയായിരുന്നു മരണകാരണം. 2013ല്‍ അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി ഏഷ്യന്‍ പുരസ്‌കാരം നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top