ഇടുക്കിയില്‍ നേന്ത്രക്കായ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

bananaഇടുക്കി: ഉല്‍പ്പാദനം ഗണ്യമായി കുറയുകയും ഉല്‍പ്പാദനച്ചെലവ് കൂടുകയും ചെയ്തതോടെ ഇടുക്കിയിലെ നേന്ത്രക്കായ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍. കിലോയ്ക്ക് 55 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രക്കായക്ക് ഇപ്പോള്‍ പതിനഞ്ചുരൂപ പോലും ലഭിക്കുന്നില്ല.

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന വിളകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രക്കായ. ഉത്പാദനച്ചെലവും തൊഴിലാളി ക്ഷാമവും കടുത്ത സാഹചര്യത്തില്‍ നെല്‍കൃഷിയില്‍ നിന്ന് പിന്മാറിയവര്‍ ഭൂരിഭാഗവും വാഴകൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ വിലത്തകര്‍ച്ച രൂക്ഷമായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവരാണ് ഏറെ ദുരിതത്തിലായത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു.

വിത്ത് വാങ്ങിവെയ്ക്കുന്നതു മുതല്‍ വിളവെടുപ്പു വരെ കണക്കുകൂട്ടിയാല്‍ വാഴയൊന്നിന് മുന്നൂറു രൂപയോളം മുതല്‍മുടക്കാണുള്ളത്. വിലത്തകര്‍ച്ചയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും മറ്റുമായതോടെ ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞു. ഇതോടെ വാഴയൊന്നിന് ശരാശരി നൂറ്റിയമ്പതു രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

വാഴകൃഷി നിലനിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് വേണ്ട സഹായമെത്തിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇല്ലെങ്കില്‍ നേന്ത്രക്കായ കൃഷി ഹൈറേഞ്ചില്‍ നിന്ന് പടിയിറങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

DONT MISS
Top