സിറിയന്‍ അഭയാര്‍ത്ഥികളെ പേപ്പട്ടിയോട് താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ben-carsonവാഷിംഗ്ടണ്‍: ആഭ്യന്തരയുദ്ധവും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിയും മൂലം സിറിയയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവരെ പേപ്പട്ടികളോട് താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബെന്‍ കാഴ്‌സണാണ് വിവാദപരാമര്‍ശം നടത്തിയത്.

സമീപത്ത് ഒരു പേപ്പട്ടിയുണ്ടെങ്കില്‍ അതില്‍ നിന്നും നന്മയൊന്നും പ്രതീക്ഷിക്കില്ലെന്ന് ബെന്‍ കാഴ്‌സണ്‍ പറഞ്ഞു. നിങ്ങളുടെ കുട്ടികളെ അവയുടെ വഴിയില്‍ നിന്നും രക്ഷിക്കാനാണ് ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ നായകളെ മൊത്തത്തില്‍ വെറുക്കുകയാണെന്ന അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേപ്പട്ടികള്‍ ആരാണെന്ന് കണ്ടെത്താന്‍ സുരക്ഷാ നടപടിക്രമങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനുഷികമൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വീകരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ കര്‍ശനമായ നടപടിക്രമങ്ങള്‍ നിലവില്‍ വരുന്നത് വരെ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ബില്‍ പാസായ ദിവസം തന്നെയാണ് ബെന്‍ കാഴ്‌സണിന്റെ പരാമര്‍ശം. 137ന് എതിരെ 289 വോട്ടുകള്‍ക്കാണ് പ്രതിനിധിസഭ ബില്‍ പാസാക്കിയത്. നിലവില്‍ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്.

ബില്‍ വീറ്റോ ചെയ്യുമെന്നാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാനുഷികമൂല്യങ്ങളില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.

DONT MISS
Top