മന്ത്രിയുടെ കാറില്‍ നിന്നും തോക്ക് മോഷ്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

ഭോപാല്‍: മന്ത്രിയുടെ കാറില്‍ നിന്നും തോക്ക് മോഷ്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഐഷ്ബാഗ് ഏരിയയില്‍ നാടകീയ സംഭവങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ്. മധ്യപ്രദേശ് റവന്യൂ മന്ത്രി രാംപാല്‍ സിംഗിന്റെ  നിര്‍ത്തിയിട്ട കാറില്‍ നിന്നും അസിംഖാന്‍ എന്നയാള്‍ തോക്ക് മോഷ്ടിക്കുകയായിരുന്നു.

ബീഗംഗഞ്ച് സ്വദേശിയായ ഇയാള്‍ സാന്പത്തിക സഹായം തേടി മന്ത്രിയെ കാണാനെത്തിയതായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മന്ത്രിയെ കാണാന്‍ കഴിയാത്തതോടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുപൊളിച്ച് തോക്ക് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. തോക്ക് വില്‍ക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം.

പ്രതിയെ തിരിച്ചറിഞ്ഞ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന്ക ഇയാളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തിയതോടെ വീടിന്റെ മുകളില്‍ കയറി പ്രതി ആത്മഹത്യാ ഭീഷണി മുഴക്കി. മന്ത്രി സ്ഥലത്തെത്തിയാല്‍ പിന്മാറാമെന്നും ഇയാള്‍ അറിയിച്ചു. രണ്ടു മണിക്കൂറോളം കെട്ടിടത്തിനു മുകളില്‍ നിന്ന പ്രതിയെ പൊലീസ് അനുനയിപ്പിച്ച താഴെ ഇറക്കുകയായിരുന്നു.

മദ്യലഹരിയില്‍ ആയിരുന്നു പ്രതിയുടെ ആത്മഹത്യാ ഭീഷണിയും മോഷണവുമെന്ന് പൊലീസ് പറഞ്ഞു. സന്ദര്‍ശകപട്ടികയില്‍ ഇയാളുടെ പേരുവിവരങ്ങള്‍ എഴുതിയിരുന്നത് പൊലീസിനു സഹായകരമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top