പാരിസില്‍ ഭീകരാക്രമണം: മരണം 150 കവിഞ്ഞു, പിന്നില്‍ ഐഎസ് എന്ന് സൂചന

franceപാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഭീകരാക്രമണം.  വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തിലും വെടിവയ്പിലും 153  പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്ത് കൂടുതല്‍ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചു.

എട്ട് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാളെ സൈനികര്‍ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തികള്‍ അടച്ചിട്ടു. അക്രമികള്‍ ബന്ദികളാക്കിയവരെ പൊലീസ് മോചിപ്പിച്ചു.

paris 2

പാരിസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റ്, മധ്യ പാരീസിലെ ബാറ്റാക്ലാന്‍ കണ്‍സേര്‍ട്ട് ഹാള്‍, സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയം എന്നിവടങ്ങളിലാണ് വെടിവയ്പുണ്ടായത്. ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ആക്രമികള്‍ ആള്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കംബോഡിയന്‍ റെസ്റ്റോറന്റിനു നേരെയാണ്  ആക്രമണം ഉണ്ടായത്. ഇവിടെ മാത്രം 11 പേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ആക്രമികള്‍ ബന്ദികളാക്കി.

തിയേറ്ററിന് പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടിടങ്ങളില്‍ ചാവേര്‍ ആക്രമണവും ഒരു സ്‌ഫോടനവും നടന്നുവെന്നാണ് ഫ്രഞ്ച് പോലീസ് വ്യക്തമാക്കുന്നത്. സ്‌റ്റേഡിയത്തിനു പുറത്ത് ബാറിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

paris

ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുകയായിരുന്നു. പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്ദോയും മത്സരം  കാണാനെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  പ്രസിഡന്റ് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തങ്ങള്‍ക്കു നേരെ ആക്രമം നടത്തിയവര്‍ക്കു നേരെ ദയാദാക്ഷിണ്യമില്ലാതെ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിച്ചു.

ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഫ്രാന്‍സിലെ പ്രമുഖ കാര്‍ട്ടൂണ്‍ മാസികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അന്നത്തെ ആക്രമണത്തില്‍ 12 ഓളം പേരാണ് കൊല്ലപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top