ഉപഭോക്താക്കളുടെ രോഷം ശമിപ്പിക്കാന്‍ പണം വാഗ്ദാനം ചെയ്ത് ഫോക്‌സ് വാഗണ്‍

volkswagenഫ്രാങ്ക്ഫര്‍ട്ട്, ജര്‍മ്മനി: മലിനീകരണ ടെസ്റ്റുകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും നേരിടുന്ന കടുത്ത രോഷം തണുപ്പിക്കാനൊരുങ്ങി ഫോക്‌സ് വാഗണ്‍. ഡീസല്‍ കാറുടമകള്‍ക്ക് പണം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കയിലാണ് തീരുമാനം നടപ്പിലാക്കുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നേക്കും.

ഡീസല്‍ കാറുടമയ്ക്ക് ഒരു ലക്ഷത്തോളം രൂപയാണ് കമ്പനി നല്‍കുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള പ്രകാരം ഉപയോഗിക്കാവുന്ന 500 ഡോളറിന്റെ കാഷ് കാര്‍ഡ് നല്‍കും. 500, 750 ഡോളറുകള്‍ വീതമുള്ള മറ്റൊരു കാഷ് കാര്‍ഡും നല്‍കും. ഇത് ഫോക്‌സ് വാഗണ്‍ ഡീലര്‍ ഷോപ്പില്‍ മാത്രമാണ് ഉപയോഗിക്കാനാവുന്നത്.

സെപ്റ്റംബറിലാണ് മലിനീകരണ ടെസ്റ്റുകളില്‍ കൃത്രിമത്വം കാണിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതായി ഫോക്‌സ് വാഗണ്‍ സമ്മതിച്ചത്. 2009 മുതല്‍ വിറ്റഴിച്ച ഗോള്‍ഫ്, ബീറ്റില്‍, ജെറ്റ, പസറ്റ് മോഡലുകളിലും ഔഡി എ3ലും ആണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിച്ചത്. തുടര്‍ന്ന് നിരവധി ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഫോക്‌സ് വാഗണിന്റെ കാഷ് കാര്‍ഡ് വാഗ്ദാനം സ്വീകരിക്കണമെങ്കില്‍ കേസ് പിന്‍വലിക്കണമോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പോര്‍ഷെ കാറുകളിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതായി ആരോപണമുണ്ട്.

DONT MISS
Top