ഷാരൂഖ് ഖാന് ഇന്ന് 50 ആം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

king-khanബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന് ഇന്ന് 50 ആം പിറന്നാള്‍. മധുരമായ പ്രണയവികാരങ്ങളുള്ള റൊമാന്റിക് ഹീറോയായും വില്ലന്മാരെ അടിച്ചൊതുക്കുന്ന സൂപ്പര്‍ഹീറോയായും വില്ലനായും വെള്ളിത്തിരയില്‍ തിളങ്ങുന്ന ഷാരൂഖ് ആരാധകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഭിനയത്തിലെ മികവ് ഷാരൂഖിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. ഇപ്പോഴും മുംബൈയിലെ മറാത്ത തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ അദ്ദേഹത്തിന്റെ മികവുറ്റ അഭിനയത്തിനുദാഹരണമാണ്. ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഷാരൂഖിനെ സ്വീകരിച്ചത്.

പേഷവാറിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന താജ് മുഹമ്മദ് ഖാന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി 1965 ല്‍ ദില്ലിയിലാണ് ഷാരൂഖിന്റെ ജനനം. 1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ല്‍ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്. തുടര്‍ന്ന് ഷാരൂഖ് ഖാന്റേതായി നിരവധി വിജയ ചിത്രങ്ങള്‍. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) മിറ രബ് നേ ബനാ ദി ജോഡി (2008),  കഭി ഖുശി കഭി ഗം (2001), കല്‍ ഹോ ന ഹോ (2003), വീര്‍സാരാ (2004), കഭി അല്‍വിദ ന കഹനാ (2006), മൈ നെയിം ഈസ് ഖാന്‍ (2010) തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ കൊണ്ട് ഷാരൂഖ് തന്റേതായ സ്ഥാനം ഉറപ്പിച്ചു.

അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ചലച്ചിത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2005ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരൂഖ് ഖാന് പദ്മശ്രീ നല്‍കി ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരും ഷാരൂഖിന് പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഫാന്‍, റയീസ് എന്നീ ചിത്രങ്ങളാണ് ഇനി ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതുവരെയുള്ളതില്‍ വെച്ച് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലായിരിക്കും ഷാരൂഖ് ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top