ഗീതയ്ക്ക് പകരം റംസാന്‍: കറാച്ചിയില്‍ നിന്നും ഓടിപ്പോന്ന പതിനഞ്ചുകാരനെ ഇന്ത്യ തിരിച്ചു നല്‍കും

ഭോപ്പാല്‍: പതിനഞ്ച് വര്‍ഷം ഇന്ത്യക്കാരിയായ ഗീതയെ സംരക്ഷിച്ച പാകിസ്താന് സ്‌നേഹസമ്മാനവുമായി ഇന്ത്യ. അഞ്ച് വര്‍ഷം മുമ്പ് കറാച്ചിയില്‍ നിന്നും ഓടിപ്പോന്ന പതിനഞ്ചുകാരന്‍ മുഹമ്മദ് റംസാനെ ഇന്ത്യ പാകിസ്താനെ തിരിച്ചേല്‍പ്പിക്കും.

പത്ത് വയസ്സുള്ളപ്പോഴാണ് കറാച്ചിയില്‍ നിന്നും പിതാവിനൊപ്പം റംസാന്‍ ബംഗ്ലാദേശിലെത്തിയത്. ബംഗ്ലാദേശില്‍ വെച്ച് പിതാവ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്ന് 2011ല്‍ റംസാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുകയായിരുന്നു. പാകിസ്താനില്‍ അമ്മയുടെ സമീപമെത്താനായാണ് വീട് വിട്ട് ഇറങ്ങിത്തിരിച്ചത്. സംസ്ഥാനങ്ങള്‍ കടന്ന് ഭോപ്പാല്‍ റെയില്‍ വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍ വേ സുരക്ഷാ സേനയുടെ പിടിയിലായി. 2013 സെപ്റ്റംബര്‍ 22ന് ആയിരുന്നു ഇത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ കീഴിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി.

ചൈല്‍ഡ് ലൈനിന്റെ ഭോപ്പാല്‍ വിഭാഗം ഡയറക്ടര്‍ അര്‍ച്ചനാ സഹായ് കുട്ടിയെ സഹായിക്കാന്‍ ഏറെ പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. കുട്ടിയുടെ പാകിസ്താന്‍ പൗരത്വം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയവും വെളിപ്പെടുത്തി. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഭോപ്പാല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി റംസാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ മാതാവ് റസിയ ബീഗം പാകിസ്താനിലെ മനുഷ്യാവകാശപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. കുട്ടിയെ വിട്ടു നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു. കുട്ടിയുടെ പൗരത്വം തെളിയിക്കാന്‍ മുത്തച്ഛന്റെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിയില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

എന്നാല്‍ ഗീത ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് മുന്‍കൈയെടുത്ത് റംസാനെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഗീത ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഭിന്നശേഷിയുള്ള ഗീത അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്നാണ് പാകിസ്താനില്‍ എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top