റിയാദ് പ്രവിശ്യയില്‍ പൊടിക്കാറ്റ് തുടരുന്നു; ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

റിയാദ് പ്രവിശ്യയില്‍ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആശുപത്രികള്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

രണ്ട് ദിവസമായി തുടരുന്ന പൊടിക്കാറ്റ് മൂലം നിരവധിയാളുകളാണ് ശ്വാസതടസം, ന്യൂമോണിയ, ശ്വാസനാള വീക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നത്. അന്തരീക്ഷ ഉക്ഷ്മാവ് കുറഞ്ഞെങ്കിലും പൊടിപടലം നിറഞ്ഞ വരണ്ട കാലാവസ്ഥയും കാറ്റും കൂടുതല്‍ ആളുകള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അല്‍ബവാദി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആശുപത്രികള്‍ ജാഗ്രതരായിരിക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

അതേസമയം, തിങ്കളാഴ്ച മുതല്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ താപനില കുറഞ്ഞ് തണുത്ത കാലാവസ്ഥ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയില്‍ നിന്നുളള കാറ്റ് തബൂക്ക്, അല്‍ജൗഫ്, അറാര്‍ മേഖലകളില്‍ തണുപ്പിന് കാരണമാകും. അടുത്ത ഒരാഴ്ചക്കകം മദീന, അല്‍ഖസിം മേഖലകളിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടും. ഉടി മിന്നലോടെ മഴക്കും സാധ്യതയുണ്ട്. പൊടിക്കാറ്റ് തുടരുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിവില്‍ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി.

DONT MISS
Top