പരസ്യമില്ല പണമടച്ച് വീഡിയോ കാണാം; പുതിയ സേവനവുമായി യൂട്യൂബ് റെഡ്

പുതിയ യൂട്യൂബ് അനുഭവം… പരസ്യങ്ങള്‍ തടസ്സപ്പെടുത്താത്ത ദൃശ്യാനുഭവം…. നിങ്ങള്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടത്… യൂട്യൂബ് നിങ്ങള്‍ക്ക് തരുന്നു… ലോസ് ആഞ്ചലസില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂട്യൂബ് റെഡ് എന്ന പുതിയ സേവനം യൂട്യൂബ് അവതരിപ്പിച്ചു.

യൂട്യൂബ് റെഡിലൂടയും ലഭിക്കുന്നത് യൂട്യൂബ് തന്നെയായിരിക്കും. എല്ലാ യൂട്യൂബ് ഗെയിമുകളും, എല്ലാ യൂട്യൂബ് മ്യൂസിക്കും പിന്നെ നിങ്ങള്‍ പ്രത്യേകം ലോഗിന്‍ ചെയ്യുമ്പോള്‍ യൂട്യൂബ് റെഡില്‍ മാത്രം ലഭ്യമാകുന്ന ഷോകളും സിനിമകളും പരസ്യങ്ങളുടെ ശല്യമില്ലാതെ കാണാനാകും.

ആല്‍ഫബെറ്റിന്റെ കീഴിലുള്ള യൂട്യൂബിനും യൂട്യൂബ് വീഡിയോ നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നതാണ് റെഡ്. ഇന്ററാക്ടീവ് കോര്‍പറേഷന്റെ വീമിയോ, വെസ്സല്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന മത്സരം കൂടിക്കണക്കിലെടുത്താണ് യൂട്യൂബ് റെഡ് തുടങ്ങുന്നത്. ഫെയ്‌സ്ബുക്കിന്റെ ഓട്ടോ പ്ലേ വീഡിയോയും യൂട്യൂബിന് ഭീഷണി ആകുന്നുണ്ട്. യൂട്യൂബിന്റെ സൗജന്യ സേവനം അതേ രീതിയില്‍ തന്നെ തുടരും. യൂട്യൂബിലെ വീഡിയോ നിര്‍മ്മാതാക്കളില്‍ 99 ശതമാനം ആളുകളും റെഡിലേക്ക് വീഡിയോകള്‍ നല്‍കുമെന്ന് സമ്മതിച്ചുണ്ട്.

യൂട്യൂബ് റെഡിലേക്ക് പ്രത്യേകം സൈന്‍ അപ് ചെയ്യണം. 10 ഡോളറാണ് ഒരു മാസത്തെ വരിസംഖ്യ. ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെ സൈന്‍ അപ് ചെയ്യുമ്പോള്‍ 13 ഡോളര്‍ നല്‍കണം. ലോസ് ആഞ്ചലസില്‍ വച്ച് നടന്ന ചടങ്ങില്‍ യൂട്യൂബ് പുതിയ യൂട്യൂബ് മ്യൂസിക് ആപ്പും അവതരിപ്പിച്ചു. യൂട്യൂബ് റെഡ് വരിക്കാര്‍ക്ക് മ്യൂസിക് ആപ്പിലൂടെ പാട്ടുകളും പരസ്യമില്ലാതെ ആസ്വദിക്കാം. ഒക്ടോബര്‍ 28ന് അമേരിക്കയില്‍ അവതരിപ്പിക്കുന്ന റെഡ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെത്തും. നിലവില്‍ 100 കോടിയിലധികമാണ് യൂട്യൂബിന്റെ സജീവ ഉപയോക്താക്കള്‍.

DONT MISS