ഒരു ഗ്രഹം ഇല്ലാതാകുന്നതിന് സാക്ഷിയാകാനൊരുങ്ങി ശാസ്ത്രലോകം

ചരിത്രത്തിലാദ്യമായി ഒരു ഗ്രഹം ഇല്ലാതാകുന്നതിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. ഭൂമിയില്‍ നിന്നും 570 പ്രകാശവര്‍ഷം അകലെ ഒരു ചെറുഗ്രഹം വെളുത്ത കുള്ളനായി മാറിയ നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ രണ്ടിരട്ടി മാത്രമാണ് വെളുത്ത കുള്ളനും ഗ്രഹവും തമ്മിലുള്ള അകലം. നാലര മണിക്കൂറാണ് ഭ്രമണം ചെയ്യാനെടുക്കുന്ന സമയം.

ഒരിക്കല്‍ നമ്മുടെ സൂര്യനെ പോലെ ആയിരുന്ന നക്ഷത്രങ്ങളാണ് വെളുത്ത കുള്ളന്‍മാരാകുന്നത്. ഇനി ഊര്‍ജോല്‍പാദനത്തിന് സാധിക്കില്ല എന്ന പരിധിയെത്തുമ്പോള്‍ നക്ഷത്രം വികസിക്കാന്‍ തുടങ്ങും. വളരെ കൂടുതല്‍ വികസിക്കുന്നതോടെ ഇവയുടെ നിറം ചുവപ്പായി മാറും. ചുവന്ന ഭീമന്‍ എന്നാണ് ഈ ഘട്ടത്തില്‍ ഇവ അറിയപ്പെടുന്നത്. ഒരു പരിധിയെത്തുമ്പോള്‍ പിന്നെ വികാസം അവസാനിച്ച് ചുരുങ്ങാന്‍ തുടങ്ങും. ഈ അവസ്ഥയാണ് വെളുത്ത കുള്ളന്‍. തണുപ്പും സാന്ദ്രതയും വളരെ കൂടുതലായിരിക്കും വെളുത്ത കുള്ളന്‍മാര്‍ക്ക്.

കെപ്ലെര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ വെളുത്ത കുള്ളന്‍ ഗ്രഹത്തെ വിഴുങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് കണ്ടെത്തിയത്. വാല്‍നക്ഷത്രത്തിന്റെ ആകൃതിയിലാണ് വെളുത്ത കുള്ളന്റെ രൂപം പ്രത്യക്ഷപ്പെട്ടത്. ഗ്രഹത്തിന്റെ പുറംഭാഗത്തുള്ള മഞ്ഞും പൊടിയും തന്നിലേക്ക് ആകര്‍ഷിക്കുന്നതിനാലാണ് ഈ വാല്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥത്തിന് സമാനമായ ഗ്രഹങ്ങളുടെ ഒരു കൂട്ടം ഒന്നാകെ ഇല്ലാതാകാന്‍ തുടങ്ങുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാതിരുന്ന കാഴ്ചയാണിത്.

അതീവ ശക്തമായ ഗുരുത്വാകര്‍ഷണബലമാണ് വെളുത്ത കുള്ളന്‍മാര്‍ക്കുള്ളത്. സിലിക്കോണ്‍, കാല്‍സ്യം, അയണ്‍ തുടങ്ങിയ ഭാരമേറിയ മൂലകങ്ങളെ ഇവ കേന്ദ്രത്തിലേക്ക് വലിച്ചടുപ്പിക്കും. ഭാരം തീരെ കുറഞ്ഞ ഹൈഡ്രജന്‍, ഹീലിയം തുടങ്ങിയവ മാത്രമേ ഉപരിതലത്തില്‍ അവശേഷിക്കൂ. എന്നാല്‍ ചില വെളുത്ത കുള്ളന്‍മാരുടെ ഉപരിതലത്തില്‍ തന്നെ ഭാരമേറിയ മൂലകങ്ങള്‍ കാണപ്പെട്ടത് ശാസ്തജ്ഞരെ കുഴക്കിയിരുന്നു. വിഴുങ്ങിയ ഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഉപരിതലത്തില്‍ കാണുന്നതെന്നാണ് നിഗമനം. ഇക്കാര്യം തെളിയിക്കുന്നതില്‍ പുതിയ പഠനം ഏറെ നിര്‍ണ്ണായകമാകും.

വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ സൂര്യനും വെളുത്ത കുള്ളനായി മാറും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top