പാക് താരങ്ങള്‍ക്ക് ശിവസേനയുടെ വിലക്ക്

പാക് ഗായകന്‍ ഗുലാം അലിയുടെ കച്ചേരി വിലക്കിയതിനു പിന്നാലെ പാകിസ്താനിലെ ചലച്ചിത്ര താരങ്ങള്‍ക്കും മഹാരാഷ്ട്രയില്‍ ശിവസേനയുടെ വിലക്ക്. പാക് താരങ്ങളായ ഫവദ് ഖാന്‍ , മഹിരാ ഖാന്‍ എന്നിവര്‍ക്കാണ് മഹാരാഷ്ട്രയില്‍ പ്രവേശിപ്പിക്കുന്നതിന് ശിവസേന വിലക്കേര്‍പ്പെടുത്തിയത്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രചാരപരിപാടികള്‍ക്കായാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്.

പാകിസ്താനില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളെയോ, ഗായകരെയോ , ക്രിക്കറ്റ് താരങ്ങളെയോ തങ്ങള്‍ മഹാരാഷ്ട്രയിലെ മണ്ണില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ചിത്രപദ് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ഭര്‍ദപുര്‍ക്കാര്‍ പറഞ്ഞു. കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെല്ലാം ഉത്തരവാദിത്വപ്പെട്ട പൗരന്മാരാണ്. പാക് താരങ്ങള്‍ക്ക് ബോളിവുഡില്‍ ഇവര്‍ ആരും അവസരം നല്‍കരുതെന്നും അക്ഷയ് പറയുന്നു.

ഖുബ്‌സൂരത് എന്ന സിനിമയിലൂടെയാണ് ഫവദ് ഖാന്‍ ബോളിവുഡില്‍ എത്തുന്നത്. കപൂര്‍ ആന്‍ഡ് സണ്‍സ്, ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രങ്ങളാണ് ഫഹദിന്റെ പുറത്തു വരാനിരിക്കുന്ന ചിത്രങ്ങള്‍. രാഹുല്‍ ദോലക്കിയയുടെ റയീസ് എന്ന ചിത്രത്തിലൂടെയാണ് മഹിരാ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

DONT MISS
Top