തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 75,549 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ 75,549 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതേസമയം വിമതശല്യം മുന്നണികള്‍ക്ക് കടുത്ത തലവേദനയാണുണ്ടാക്കുന്നത്.

സംസ്ഥാനത്താകെ 75,549 പേരാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ 38,268 പേര്‍ സ്ത്രീകളും 37,281 പേര്‍ പുരുഷന്‍മാരുമാണ്. 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282-ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956-ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 86 മുനിസിപ്പാലിറ്റികളിലായി 10433 പേരും ആറ് കോര്‍പ്പറേഷനുകളിലേക്ക് 1963 പേരും ജനവിധി തേടുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 8693 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള വയനാട്ടില്‍ 1,882 പേരാണ് രംഗത്തുള്ളത്.

വിമതശല്യം പ്രധാന മുന്നണികള്‍ക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. അവസാന നിമിഷം വരെ പ്രയത്‌നിച്ചിട്ടും വിമതരെ പൂര്‍ണ്ണമായി പിന്‍വലിക്കാനായിട്ടില്ല. കോണ്‍ഗ്രസാണ് ഏറ്റവുമധികം വിമതശല്യം നേരിടുന്നത്. മുന്നണികളിലെ ഘടകകക്ഷികള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിവിശേഷവും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. യു.ഡി.എഫില്‍ പ്രധാന ഘടകകക്ഷികളായ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പലയിടത്തും കോണ്‍ഗ്രസിനോടേറ്റുമുട്ടുന്നുണ്ട്.

യു.ഡി.എഫിനോളമില്ലെങ്കിലും എല്‍.ഡി.എഫിലും സ്ഥിതി മെച്ചമല്ല. ചിലയിടങ്ങളില്‍ സി.പി.ഐ എമ്മും സി.പി.ഐയും ഏറ്റുമുട്ടുന്നുണ്ട്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയിലും പടലപ്പിണക്കങ്ങള്‍ തലവേദനയുണ്ടാക്കുന്നു. രണ്ടാഴ്ചയോളമാണ് ഇനി പ്രചരണത്തിന് ശേഷിക്കുന്നത്.

DONT MISS
Top