ബള്‍ഗേറിയന്‍ സൈനികരുടെ വെടിയേറ്റ് ഒരു അഭയാര്‍ത്ഥി മരിച്ചു

ബുഡാപെസ്റ്റ്: യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥി യുവാവ് വെടിയേറ്റ് മരിച്ചു. ബള്‍ഗേറിയയുടെ അതിര്‍ത്തി രക്ഷാ സേനയാണ് വെടിയുതിര്‍ത്തത്. 25 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ പേരുവിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. മേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ആദ്യവ്യക്തിയാണ് ഇയാള്‍.

മരണത്തെ തുടര്‍ന്ന് ബള്‍ഗേറിയയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്ന യൂണിയന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. യുവാവ് വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ അഭയാര്‍ത്ഥി വിഷയത്തിലെ നയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേരുകയായിരുന്നു.

അതേസമയം ഹംഗറി അതിര്‍ത്തി പൂര്‍ണമായും അടച്ചു. അതിര്‍ത്തിയിലുണ്ടായിരുന്ന അവസാന കവാടവും അടച്ചതോടെ നിലപാട് കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് ഹംഗറി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെമ്പാടും അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ വിരുദ്ധാഭിപ്രായങ്ങളാണ് ഉയരുന്നത്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്ന് പറയുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ സൈനികശക്തി വര്‍ധിപ്പിക്കുകയാണ് മിക്ക രാജ്യങ്ങളും. ഏഴ് ലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഇതുവരെ യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടി എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top