മുലായം സിംഗ് യാദവിന്റെ ‘രാഷ്ട്രീയകുടുംബം’ റെക്കോര്‍ഡിലേക്ക്

ലക്‌നൗ: മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയകുടുംബം വളരുന്നു. ഒരേ കുടുംബത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേ പാര്‍ട്ടിയില്‍ അംഗങ്ങളായതിന്റെ റെക്കോര്‍ഡും യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി നേടി. മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍ നിന്നും 18 പേരാണ് ഇതുവരെ പാര്‍ട്ടിയില്‍ അംഗങ്ങളായത്.

കഴിഞ്ഞ മാസം മാത്രം അഞ്ച് പേരാണ് മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ അംഗമായത്. ഇവര്‍ എല്ലാവരും കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. യാദവിന്റെ സഹോദരീപുത്രനും എംബിഎ ബിരുദധാരിയുമായ അന്‍ഷുല്‍ യാദവും ഇവരില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബവും യാദവ് കുടുംബവും മത്സരിച്ച സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് പിടിച്ചെടുക്കാന്‍ സാധിക്കാതിരുന്നത്. മുലായം സിംഗ് യാദവ്, മരുമകള്‍ ഡിമ്പിള്‍, സഹോദരപുത്രന്‍നാരായ അക്ഷയ്, ധര്‍മ്മേന്ദ്ര, പേരക്കുട്ടി തേജ് പ്രതാപ് യാദവ് എന്നിവര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുലായം സിംഗ് യാദവിന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി രാഷ്ട്രീയത്തിലെത്തിയത് അദ്ദേഹമാണ്. 75കാരനായ യാദവ് തന്നെയായിരിക്കും അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍. മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആറ് തവണ എംപിയുമായിരുന്നു. ഒരു തവണ കേന്ദ്ര പ്രതിരോധ മന്ത്രിയുമായി.

മകനായ അഖിലേഷ് യാദവാണ് നിലവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top