സൗദിയില്‍ ബാലവേല ചെയ്യുന്നവരില്‍ 89 ശതമാനവും സ്വദേശികളെന്ന് പഠന റിപ്പോര്‍ട്ട്

സൗദി അറേബ്യയില്‍ ബാലവേല ചെയ്യുന്നവരില്‍ 89 ശതമാനവും സ്വദേശി കുട്ടികളാണെന്ന് അല്‍ ഖസ്സിം യൂനിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. ബാലവേല ചെയ്യുന്ന കുട്ടികളില്‍ 48 ശതമാനവും കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണെന്നും പഠനം പറയുന്നു.

സൗദി സാമൂഹിക വ്യവസ്ഥയിലെ ബാലവേലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അല്‍ ഖസ്സിം സര്‍വകലാശാല പഠനവിധേയമാക്കിയത്. ബാലവേല ചെയ്യുന്നവരില്‍ 74 ശതമാനം 12-നും 14-നും ഇടയില്‍ പ്രായമുളള കുട്ടികളാണെന്ന് പഠനത്തില്‍ വ്യക്തമായി. 48 ശതമാനം പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികളാണ്. 37 ശതമാനം പ്രൈമറി ക്ലാസുകളിലും ഏഴ് ശതമാനം ഹൈസ്‌കൂള്‍ തലത്തിലും പഠനം ഉപേക്ഷിച്ചവരാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ സോഷ്യല്‍ സര്‍വീസ് വകുപ്പ് മേധാവി യൂസഫ് അഹമദ് അല്‍ റുമൈഹ് പറഞ്ഞു.

അല്‍ ഖസ്സീമിലെ പഴം, പച്ചക്കറി വിപണിയിലെ ബാലവേലക്കാരായ കുട്ടികളുടെ കുടുംബം, സാമൂഹിക സാമ്പത്തിക സ്ഥിതി, തൊഴില്‍ വിപണിയിലെ ബാലവേലക്കാരുടെ സാന്നിദ്ധ്യം, ഇവരുടെ പ്രതിദിന വരുമാനം എന്നിവ പഠന വിധേയമാക്കി. 50 റിയാലാണ് ഇവരുടെ പ്രതിദിന ശരാശരി വരുമാനം. എട്ട് അംഗങ്ങളില്‍ കൂടുതലുളള കുടുംബങ്ങളിലെ കുട്ടികളാണ് ബാലവേലയില്‍ വ്യാപൃതരായിരിക്കുന്നവരില്‍ ഏറെയും. കുട്ടികളുടെ വരുമാനം ആശ്രയിച്ച് കഴിയുന്ന 22 ശതമാനം കുടുംബങ്ങളാണുളളത്. 79 ശതമാനം കുടുംബങ്ങളും വാടക വീട്ടിലാണ് കഴിയുന്നതെന്നും പഠനം വ്യക്തമാക്കുന്നു

DONT MISS
Top