നേതാവിന്റെ വീട്ടിലെത്തി വിഷം കഴിച്ച് അഞ്ചംഗ കര്‍ഷക കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം: രണ്ട് പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ നേതാവിന്റെ വീട്ടിലെത്തി വിഷം കഴിച്ച അഞ്ചംഗ കര്‍ഷക കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.

ഇന്നലെ രാവിലെയാണ് തെലങ്കാന രാഷ്ട്രസമിതി നേതാവ് നയോം ഇര്‍ഫാന്റെ വീട്ടിലെത്തി കുടുംബം വിഷം കഴിച്ചത്. ഗദ്ദാം വെങ്കിടയ്യയും നാല് ആണ്‍മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആണ്‍മക്കളില്‍ രണ്ട് പേര്‍ മരിച്ചു.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ടിആര്‍എസ് നേതാവ് ഇര്‍ഫാന്‍ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നഗരത്തോടു ചേര്‍ന്നുള്ള ഗോലാപ്പള്ളിയിലെ സ്ഥലം വിട്ടുകൊടുക്കണമെന്നായിരുന്നു ഇര്‍ഫാന്റെ ആവശ്യം. 60 ലക്ഷത്തോളം വില മതിക്കുന്ന സ്ഥലമാണ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.

സ്ഥലം കൈമാറിയില്ലെങ്കില്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഗദ്ദാം വെങ്കിടയ്യ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനാണ് ഇര്‍ഫാന്റെ വീട്ടിലേക്ക് പോയത്. അധികാരം ഉപയോഗിച്ച് രേഖകളില്‍ മാറ്റം വരുത്തുമെന്നും അങ്ങനെ തന്റെ സ്ഥലത്തു നിന്നും പുറത്താക്കുമെന്നും ഇര്‍ ഫാന്‍ ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഭീഷണി കടുത്തതോടെ കുടുംബം കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. നാല് മക്കളും വിഷം കഴിച്ചെങ്കിലും ചുറ്റുമുള്ളവര്‍ ഗദ്ദം വെങ്കിടയ്യയെ തടഞ്ഞു.

നയോം ഇര്‍ഫാന്‍ പാര്‍ട്ടി അംഗമാണെന്ന് ടിആര്‍എസ് ജില്ലാനേതൃത്വം സമ്മതിച്ചു. എന്നാല്‍ ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ഒരു തര്‍ക്കം പരിഹരിക്കാനാണ് വെങ്കിടയ്യയെയും കുടുംബത്തെയും വിളിച്ചു വരുത്തിയതെന്നും ഭൂമിസംബന്ധമായ കാര്യമല്ലെന്നും ജില്ലാ നേതൃത്വം അവകാശപ്പെടുന്നു.

ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഴി നല്‍കിയിട്ടും ഇര്‍ഫാനെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

DONT MISS
Top