സൗദി അറേബ്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് പദ്ധതി

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് സമഗ്ര പരിഷ്‌കാരം നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കുന്നു. മയക്കുമരുന്ന് കടത്ത് വിദേശങ്ങളില്‍ തന്നെ കണ്ടെത്തി തടയാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് വധശിക്ഷ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് യാത്രക്കാരെ ബോധവത്കരിക്കുകയാണ് പ്രഥമ ലക്ഷ്യം. മയക്കുമരുന്ന് കൃഷിയും മയക്കുമരുന്ന് നിര്‍മാണവും വ്യാപകമായ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവരെ പ്രസ്തുത രാജ്യങ്ങളില്‍ തന്നെ കര്‍ശന പരിശോധനക്ക് വിധേയരാക്കും. സൗദിയിലേക്കുളള യാത്രക്കാരെയും അവരുടെ ബാഗേജുകളും സൂക്ഷ്മ പരിശോധന നടത്തി മയക്കുമരുന്ന് ഇല്ലെന്ന് ഉറപ്പുവരുത്തി ബാഗേജുകളില്‍ സീല്‍ പതിക്കും.

മയക്കുമരുന്ന് കടത്ത് തടയുന്നതിന് വിദേശ രാജ്യങ്ങളും സൗദിയും വിവരങ്ങള്‍ പരസ്പരം കൈമാറും. ഏകോപനം ശക്തമാക്കുന്നതിന് മയക്കമരുന്ന് വിരുദ്ധ ഏജന്‍സികളുമായി സഹകരിക്കും. വിദേശ രാജ്യങ്ങളില്‍ അറസ്റ്റിലാകുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കും. മയക്കുമരുന്ന് കടത്ത് പ്രതികളെ പരസ്പരം കൈമാറുന്നതിനും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top