കേരള വര്‍മ്മയിലെ ബീഫ് ഫെസ്റ്റ് വിവാദം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തുടങ്ങി

തൃശൂര്‍: കേരള വര്‍മ്മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തുടങ്ങി. പ്രസിഡന്റ് ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മലയാളം അധ്യാപിക ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും തുടര്‍ന്നുണ്ടായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, അധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ബീഫ് ഫെസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവും അധ്യാപിക ദീപാ നിശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും സംബന്ധിച്ച് അന്വേഷണം നടത്തി പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും അധ്യാപികയുടെ വിശദീകരണ കുറിപ്പും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, അധ്യാപികയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നടപടിയെടുക്കേണ്ടെന്ന പൊതു നിലപാടാണ് ഭരണ സമിതിയ്ക്കുള്ളത്. എന്‍ പി ഭാസ്‌കരന്‍ നായര്‍ക്കു പുറമെ പ്രൊഫ. കെ. ഡി ബാഹുലേയന്‍, ഇ എ രാജന്‍ എന്നിവരുള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് കേരള വര്‍മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
കേരള വര്‍മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു.

ഇതിനിടെ, സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഒഫീസിലേക്ക് മാര്‍ച്ച് നടന്നു. സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരള വര്‍മ കൊളേജിനു മുന്നില്‍ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

DONT MISS
Top