അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം തലയോട്ടികള്‍ കണ്ടെത്തി

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു നിന്നും തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെടുത്തു. കൊട്ടാരവളപ്പില്‍ തന്നെയുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. രണ്ട് തലയോട്ടിയും അസ്ഥിക്കഷണങ്ങളുമാണ് കണ്ടെത്തിയത്.

മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണെന്നോ ഏത് ലിംഗത്തില്‍ പെട്ടവരുടേതാണെന്നോ മരണകാരണം എന്താണെന്നോ വ്യക്തമായിട്ടില്ല. യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ട നേതാക്കളുടെയോ ബന്ധുക്കളുടെയോ ശരീരാവശിഷ്ടങ്ങളായിരിക്കാം എന്നാണ് നിഗമനം.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് അഷറഫ് ഗാനി കമ്മീഷനെ നിയോഗിച്ചു. 35 വര്‍ഷത്തോളമായി തുടര്‍ച്ചയായി യുദ്ധങ്ങള്‍ നടക്കുന്ന രാജ്യമായതിനാല്‍ അന്വേഷണം ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തല്‍.

സോവിയറ്റ് അധിനിവേശത്തിനെതിരെ 1980കളും ആഭ്യന്തരയുദ്ധത്തിന്റെ പേരില്‍ 1990കളും അഫ്ഗാന്‍ കലാപകലുഷിതമായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം താലിബാന്‍ ഭരണം. പിന്നീട് താലിബാനെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ പോരാട്ടഭൂമിയായിരുന്നു അഫ്ഗാന്‍. 1996ല്‍ കാബൂള്‍ പിടിച്ചടക്കിയ ഉടന്‍ താലിബാന്‍ ചെയ്തത് മുന്‍ പ്രസിഡന്റ് നജീബുള്ളയെ തൂക്കിലേറ്റുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയായ പക്തിയയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കബറടക്കിയത്. രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന മുഹമ്മദ് ദാവൂദ് ഖാനും 1978ല്‍ കൊല്ലപ്പെടുകയായിരുന്നു. 2008ല്‍ അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.

DONT MISS
Top