യഥാര്‍ത്ഥ പേര് വെളിപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് തുറന്ന കത്ത്

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തുറന്ന കത്ത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നിവ ഉള്‍പ്പെടെ ലോകത്തൊട്ടാകെയുള്ള 74 പൗരാവകാശ സംഘടനകളാണ് കത്തയച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഒന്‍പത് സംഘടനകള്‍ ഉള്‍പ്പെടെയാണ്.

യഥാര്‍ത്ഥ പേര് വെളിപ്പെടുത്തണമെന്ന നിബന്ധന അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുണ്ടെന്നും വ്യക്തികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കാനായി ഈ നിബന്ധന സാധാരണയായി ഉപയോഗിക്കപ്പെടാറുണ്ട്.

അക്കൗണ്ട് തുറക്കാന്‍ യഥാര്‍ത്ഥ പേരും ജന്മദിനവും വെളിപ്പെടുത്തണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിബന്ധന. ഇരട്ടപ്പേരുകളോ, ചിത്രങ്ങളോ ഒന്നും സ്വീകാര്യമല്ല. ഈ നിബന്ധന തെറ്റിച്ചാല്‍ ഏതൊരാള്‍ക്കും ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്താല്‍ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂ. ഇത്തരത്തില്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ തങ്ങളുടെ വാദം തെളിയിക്കാന്‍ ബാധ്യസ്ഥരാണെന്നും കത്തില്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു വരികയാണെന്ന് ഫെയ്‌സ്ബുക്ക് വക്താക്കള്‍ അറിയിച്ചു.

DONT MISS
Top